പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികൾ തിന്നു; കോടതിയിൽ വിചിത്ര വാദവുമായി പൊലീസ്, തെളിവ് ചോദിച്ച് കോടതി

മഥുര: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയിൽ. ഉത്തർ പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ, ഷെർഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ തിന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 586 കിലോ കഞ്ചാവ് ഹാജരാക്കാൻ കോടതി ഉത്തവിട്ടതിന് പിന്നാലെയാണ് പൊലീസിന്‍റെ വിചിത്രവാദം.രണ്ട് വ്യത്യസ്ത കേസുകളിലായി 386, 195 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. 60 ലക്ഷത്തോളം വിലവരുന്ന കഞ്ചാവായിരുന്നു പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്.

പിടിച്ചെടുത്ത സാധനങ്ങൾ എലികളിൽ നിന്ന് സംരക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ സ്ഥലമില്ല. അവശേഷിച്ച കഞ്ചാവ് ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും പൊലീസ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പൊലീസിന്‍റെ വിശദീകരണത്തെ കോടതി രൂക്ഷമായി വിമർശിച്ചു. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് പൊലീസ് തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നവംബർ 26നകം തെളിവ് സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും സ്റ്റേഷനിലെ എലിശല്യം ഇല്ലാതാക്കാൻ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Rats ate over 500 kg confiscated marijuana, says Mathura Police, court demands proof of it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.