തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ ഞെട്ടിച്ചുവെന്ന് സോണിയ; 'കോൺഗ്രസിന്‍റെ പുനരുജ്ജീവനം ജനാധിപത്യത്തിന്‍റെ അനിവാര്യത'

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസിന്‍റെ ആദ്യത്തെ പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ ചേർന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലെ സെൻട്രൽ ഹാളിലാണ് യോഗം ചേർന്നത്. യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തു.

രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങി ലോക്‌സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് പാർലമെന്റംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസിന്‍റെ പുനരുജ്ജീവനം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. അടുത്തിടെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

'പാർട്ടിയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും തുടർച്ചയായി പരീക്ഷിക്കപ്പെടുകയാണ്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്നത് നമ്മുടെ മാത്രം ആവ‍ശ്യമല്ല. അത് ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്' -സോണിയ പറഞ്ഞു.

അടുത്തിടെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം ചർച്ച ചെയ്തെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിരവധി നിർദേശങ്ങൾ നേതാക്കൾ മുന്നോട്ട് വെച്ചന്നും സോണിയ പറഞ്ഞു. അവർ മുന്നോട്ട് വച്ച ഓരോ നിർദേശങ്ങളും വളരെ പ്രസക്തമാണെന്നും അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

എല്ലാ അംഗങ്ങളുടെയും നിർദേശം പരിഗണിച്ച് വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളെ കുറിച്ചും പ്രവർത്തകരുമായി ചർച്ച നടത്തി കൃത്യമായൊരു പദ്ധതി രൂപീകരിക്കുമെന്ന് പാർട്ടി അധ്യക്ഷ കൂട്ടിച്ചേർത്തു.

'പാർട്ടി മുമ്പെങ്ങുമില്ലാത്ത വിധം പരീക്ഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്. എല്ലാ പാർട്ടി പ്രവർത്തകരും ഐക്യത്തോടെ മുന്നോട്ട് പോകണം' -സോണിയ ആഹ്വാനം ചെയ്തു.

ബി.ജെ.പി സർക്കാർ വിഭജന അജണ്ടയുമായാണ് മുന്നോട്ട് പോകുന്നതെന്നും ചരിത്രത്തെ വളച്ചൊടിച്ച് വിദ്വേഷം പ്രചരിപ്പിക്കുകയാണ് സർക്കാറിന്‍റെ അജണ്ടയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

സമൂഹത്തിൽ മതത്തിന്‍റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമായി മാറിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിച്ച സൗഹാർദ്ദവും ഐക്യവും തകർക്കാൻ ഒരിക്കലും ബി.ജെ.പിയെ അനുവദിക്കില്ലെന്നും യോഗത്തിൽ നേതാക്കൾ പ്രഖ്യാപിച്ചു.

Tags:    
News Summary - Revival of Congress is essential for democracy, says Sonia Gandhi at parliamentary party meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.