ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ നേരിടാൻ മഹാസഖ്യത്തിൽ അണിചേരാനൊരുങ്ങി േലാക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനും. മഹാസഖ്യത്തിൽ ചേരുന്നതിന് മുന്നോടിയായി ചിരാഗ് പാസ്വാനും ആർ.ജെ.ഡി നേതാവ് ശ്യാം രജകുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിൽ എൻ.ഡി.എയെ നേരിടാൻ സഖ്യമൊരുക്കുകയാണ് കൂടിക്കാഴ്ചക്ക് പിന്നിലെ ഉദ്ദേശം. കൂടിക്കാഴ്ചക്ക് ശേഷം പാസ്വാൻ ആർ.ജെ.ഡി തലവൻ ലാലു പ്രസാദുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായിരുന്നു രജക്. എന്നാൽ പിന്നീട് ജെ.ഡി.യു വിട്ട് ആർ.ജെ.ഡിയിൽ എത്തുകയായിരുന്നു.
പാസ്വാന്റെ സന്ദർശനം വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നുവെന്നും എന്നാൽ, രണ്ടു രാഷ്ട്രീയക്കാർ കണ്ടുമുട്ടിയാൽ രാഷ്ട്രീയം സംസാരിക്കുമെന്നും രജക് പറഞ്ഞു. ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കേണ്ടതുണ്ടെന്നും രജക് കൂട്ടിച്ചേർത്തു.
എൽ.ജെ.പിയിൽ ചിരാഗിനെ അട്ടിമറിച്ച് ബന്ധുവായ പശുപതി പരസിന് കേന്ദ്രമന്ത്രിസഭയിൽ ഇടം നൽകിയത് ചിരാഗ് പാസ്വാന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് ചിരാഗ് ആർ.ജെ.ഡിക്കൊപ്പം സഖ്യത്തിൽ അണിനിരക്കാൻ തീരുമാനമെടുത്തതെന്നാണ് വിവരം.
ചിരാഗ് പാസ്വാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ആർ.ജെ.ഡി ബിഹാറിൽ എൻ.ഡി.എക്കെതിരെ സഖ്യം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ പാസ്വാനൊപ്പം എം.എൽ.എമാർ ആരുമില്ല, എങ്കിലും ബി.ജെ.പിക്കെതിരായ സഖ്യത്തിൽ ചേരൽ അണികൾക്ക് ആത്മവിശ്വാസമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ചിരാഗ് പാസ്വാന്റെ നേതൃത്വത്തിൽ ആശിർവാദ് യാത്ര നടത്താനും തീരുമാനിച്ചിരുന്നു.
എൽ.ജെ.പിയിലെ പിളർപ്പിന് കാരണം മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു. ഈ നിലപാടും ആർ.ജെ.ഡിക്ക് ഒപ്പം പാസ്വാൻ അണിനിരക്കാൻ കാരണമായിതീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.