ന്യൂഡൽഹി: അയൽക്കാരനായ അഭിഭാഷകനെ വധിക്കാൻ ലക്ഷ്യമിട്ട് ഡൽഹിയിലെ രോഹിണി ജില്ല കോടതിയിൽ നാടൻബോംബ് വെച്ച കേസിൽ പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആർ.ഡി.ഒ) മുതിർന്ന ശാസ്ത്രജ്ഞൻ അറസ്റ്റിൽ. 49കാരനായ ഭരത് ഭൂഷൺ കട്ടാരിയയാണ് അറസ്റ്റിലായത്. ഈ മാസം ഒമ്പതിന് രോഹിണി 102ാം നമ്പർ കോടതി മുറിയിലുണ്ടായ ചെറിയ സ്ഫോടനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് കുമാറിന് പരിക്കേറ്റിരുന്നു.
നാടൻ ബോംബുണ്ടാക്കി ചോറ്റുപാത്രത്തിനകത്തുവെച്ചാണ് സ്ഫോടനം നടത്തിയത്. സംഭവം നടന്ന ദിവസം രാവിലെ 9.33നു രണ്ട് ബാഗുമായി കോടതി മുറിയിലെത്തിയ കട്ടാരിയ ഒരു ബാഗ് കോടതി മുറിയിൽവെച്ചശേഷം 10.35നു മടങ്ങിപ്പോയതായി കണ്ടെത്തിയെന്ന് ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പറഞ്ഞു. തുടർന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.
എന്നാൽ, നിർമാണത്തിലുണ്ടായ പിഴവുമൂലം പൂർണ സ്ഫോടനം നടന്നില്ല. ഫോറൻസിക് വിഭാഗവും ദേശീയ സുരക്ഷാ ഗാർഡും േചർന്നാണ് അന്വേഷണം നടത്തിയത്. അയൽവാസിയായ അഭിഭാഷകനോടുള്ള വ്യക്തിവൈര്യാഗമാണ് സ്ഫോടനത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരേ കെട്ടിടത്തിൽ ഒന്നാം നിലയിൽ താമസിക്കുന്ന കട്ടാരിയയും മൂന്നാം നിലയിൽ താമസിക്കുന്ന അഭിഭാഷകനും തമ്മിൽ ഏറെ നാളായി തർക്കമുണ്ട്. കട്ടാരിയ അഞ്ച് സിവിൽ കേസുകൾ അഭിഭാഷകനെതിരെ നൽകിയിരുന്നു. അഭിഭാഷകൻ കട്ടാരിയക്കെതിരെ ഏഴ് കേസും. സംഭവ ദിവസം കോടതി വളപ്പിലെത്തിയ ആയിരത്തോളം കാറുകളുടെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.