പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) ന്യൂനപക്ഷമുഖമായ മുസ്ലീം രാഷ്ട്രീയ മഞ്ച്. മറ്റ് ദേശീയ സംഘടനകളുമായി ചർച്ച നടത്തിയ ശേഷം പി.എഫ്.ഐയെ ഉടൻ നിരോധിക്കണമെന്ന് മഞ്ച് ആവശ്യപ്പെട്ടു."പി.എഫ്.ഐ വളരെ അപകടകരമായി മാറിയെങ്കിൽ, എന്തുകൊണ്ട് അത് എത്രയും വേഗം നിരോധിക്കുന്നില്ല? എന്തുകൊണ്ടാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ ഇതുവരെ മരവിപ്പിക്കാത്തത്? എന്തുകൊണ്ടാണ് അതിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാത്തത്? അക്രമസംഭവങ്ങളിൽ പങ്കാളികളായതിന്റെ അടിസ്ഥാനത്തിൽ പി.എഫ്.ഐ നേതാക്കൾ, ഭാരവാഹികൾ, പ്രതിനിധികൾ എന്നിവർക്കെതിരെ എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ല?'' -മഞ്ച് ചോദിക്കുന്നു.
പല സംസ്ഥാനങ്ങളിലും പി.എഫ്.ഐ നിരോധിക്കുകയാണെന്നും സംഘടനക്കെതിരെ നിരോധനം ഏർപ്പെടുത്താൻ പോകുകയാണെന്നും കേന്ദ്രസർക്കാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സിമിയെക്കാൾ അപകടകരമായ തീവ്രവാദ സംഘടനയാണ് പി.എഫ്.ഐയെന്ന് മഞ്ച് നേതാക്കളായ മുഹമ്മദ് അഫ്‌സൽ, മഞ്ച് ദേശീയ കൺവീനർ ഷാഹിദ് അക്തർ എന്നിവർ പറഞ്ഞു. അതിനാൽ സർക്കാർ ഉടൻ തന്നെ പി.എഫ്.ഐക്കെതിരെ കർശന നടപടി സ്വീകരിച്ച് നിരോധിക്കണം എന്ന് ഇവർ ആവശ്യപ്പെട്ടു.
പി.എഫ്.ഐക്കെതിരെ ലഭിച്ച എല്ലാ തെളിവുകളും വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കുന്ന തീവ്രവാദ സംഘടനയാണെന്ന് വ്യക്തമാണെന്നും 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യങ്ങളാണ് അവർ നടത്തുന്ന റാലികളിൽ ഉയരുന്നതെന്നും രാഷ്ട്രീയ മുസ്ലീം മഞ്ച് മീഡിയ ഇൻചാർജ് ഷാഹിദ് സയീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.