മഥുര: വിസ കാലാവധി കഴിഞ്ഞിട്ടും കൂടുതൽ ദിവസം രാജ്യത്ത് താമസിക്കുകയും പൊലീസുകാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ റഷ്യൻ ദമ്പതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ മഥുരയിൽ ഹോട്ടലിൽ നിന്നാണ് ദമ്പതികളെ പൊലീസ് പിടികൂടിയത്.
രണ്ട് വർഷം മുൻപ് ഇരുവരുടേയും വിസ കാലാവധി അവസാനിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനെത്തിയ യു.പി പൊലീസിനെ ദമ്പതികൾ ആക്രമിക്കുകയും ഉദ്യോഗസ്ഥന്‍റെ യൂനിഫോം വലിച്ചു കീറുകയും ചെയ്തു. രേഖകൾ കാണിക്കാൻ വിസമ്മതിച്ച പ്രതികൾ വനിത കോൺസ്റ്റബിളിന്‍റെ കൈയിൽ കടിച്ചതായും പൊലീസ് പറഞ്ഞു.
മഥുരയിലെ വൃന്ദാവനിലെ കൃഷ്ണ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഡൽഹിയിൽ നിന്നും വെള്ളിയാഴ്ചയാണ് റഷ്യൻ വംശജരായ ദമ്പതികൾ ഹോട്ടലിൽ എത്തിയത്. മുറിയെടുക്കുന്നതിനായി രേഖകൾ കാണിക്കാൻ വിസമ്മതിച്ചതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനെത്തിയ പൊലീസുകാരോട് പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ദമ്പതികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും എൽ.ഐ.യു ഇൻസ്പെക്ടർ പ്രദീപ് ശർമ പറഞ്ഞു.
സംഭവത്തിൽ പ്രതികൾക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി. ദമ്പതികളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യൻ എംബസി മുഖേന ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.