തെരഞ്ഞെടുപ്പിനുമുമ്പ് ചൂളംവിളിച്ച് ശബരി, പമ്പ പാതകൾ

ന്യൂഡൽഹി: അങ്കമാലിയിൽനിന്നുള്ള ശബരി പാതക്ക് 100 കോടി റെയിൽ ബജറ്റിൽ നീക്കിവെച്ചത് പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളപ്പിച്ചെങ്കിലും അനിശ്ചിതത്വം ബാക്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3,727 കോടി രൂപ വേണ്ടിവരുന്ന പദ്ധതിക്കാണ് 100 കോടി രൂപ വകയിരുത്തിയത്. പദ്ധതി പ്രഖ്യാപിച്ച ശേഷം കാൽ നൂറ്റാണ്ടുകൊണ്ട് അങ്കമാലിയിൽനിന്ന് 10 കിലോമീറ്ററോളമാണ് പാത നീണ്ടത്. ബാക്കിയുള്ളത് 104 കിലോമീറ്റർ. റെയിൽവേ മുടക്കുന്ന തുകക്ക് തുല്യമായ തുക സംസ്ഥാന സർക്കാർ മുടക്കേണ്ടതുമുണ്ട്.

അങ്കമാലി-ശബരി പാതക്കൊപ്പം ചെങ്ങന്നൂരിൽനിന്ന് പമ്പയിലേക്കുള്ള പാതയുടെ സാധ്യതാപഠനം കൂടി നടത്താനാണ് റെയിൽവേയുടെ ഇപ്പോഴത്തെ ഒരുക്കം. മുമ്പ് കോട്ടയം-പമ്പ പാതയെക്കുറിച്ച് പഠിച്ചു; ഉപേക്ഷിച്ചു. ഫലത്തിൽ ശബരിമല തീർഥാടകർക്ക് എരുമേലിയിലോ പമ്പയിലോ ട്രെയിനിൽ ചെന്നിറങ്ങാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരും.

ഒരുവർഷത്തിനുശേഷം ലോക്സഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല തീർഥാടകരെ വീണ്ടുമൊരിക്കൽകൂടി മോഹിപ്പിക്കുകയാണ് റെയിൽവേയെന്ന കാഴ്ചപ്പാടും ഉയർന്നിട്ടുണ്ട്.

കേരളത്തിന്‍റെ റെയിൽ വികസനത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ശബരി പാതക്ക് 100 കോടി അടക്കം കേരളത്തിന് റെയിൽ ബജറ്റിൽ നീക്കിവെച്ചത് 2,033 കോടി രൂപയാണ്.

പാത ഇരട്ടിപ്പിക്കൽ, മേൽപാലങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. തമിഴ്നാടിന് അനുവദിച്ചത് 6,080 കോടി. സിൽവർ ലൈൻ പ്രായോഗികമായി നടപ്പുള്ള കാര്യമല്ലെന്ന് റെയിൽവേ മന്ത്രി ആവർത്തിച്ചിട്ടുണ്ട്. സിൽവർ ലൈനിനു പകരം എന്താകാമെന്ന കാര്യം കേരളത്തിലെ ചർച്ചകളിൽ ഉയർന്നുവന്നേക്കും. കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും.   

Tags:    
News Summary - Sabari and Pampa lanes by whistling before the elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.