ന്യൂഡൽഹി: ശബരിമലയില്‍ അനധികൃതമായി നിർമിച്ച കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിയമവിധേയമായ നിർമാണ പ്രവര്ത്തനങ്ങേള മേലിൽ ശബരിമലയിൽ നടത്താവൂ എന്നും ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ശബരിമല വനഭൂമിയിലും പമ്പ തീരത്തും നിയമവിരുദ്ധമായി നിരവധി കെട്ടിടങ്ങള്‍ നിർമിച്ചുവെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. എന്നാൽ, പ്രളയത്തില്‍ നാശംസംഭവിച്ച നിയമസാധുതയുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താം. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനർനിര്‍മിച്ച ശേഷം അവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ പിന്നീട് പൊളിച്ചുകളയാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണം. അറ്റകുറ്റപ്പണി നടത്താന്‍ പണം ചെലവഴിച്ചു എന്ന കാരണത്താല്‍ അനധികൃത നിര്‍മാണം സംരക്ഷിക്കരുതെന്നും കോടതി നിർദേശിച്ചു.
പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിെൻറ ആവശ്യവും കോടതി അംഗീകരിച്ചില്ല. പമ്പ തീരത്തുള്ള നിര്‍മാണങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്.
അനധികൃതമാണെങ്കില്‍ അവ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ജസ്റ്റിസ് ഖാന്‍വിൽകറും ഒാർമിപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താന്‍ എങ്ങനെ അനുവദിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താനോ പുതിയത് നിർമിക്കാനോ അനുവദിക്കരുതെന്നായിരുന്നു ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ഉദ്ധരിച്ച് അമിക്കസ് ക്യൂറി വാദിച്ചത്.
ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കണമെന്നാണ് ഉന്നതാധികാര സമിതിയുടെ പ്രധാന ശിപാര്‍ശ. ലേഔട്ട് പ്ലാനിന് അന്തിമ രൂപമാകുംവരെ വനഭൂമിയില്‍ നിർമാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നും കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവയുടെ പ്രവര്ത്തനങ്ങളാകാമെന്നും റിപ്പോർട്ടിലുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടയാനാവില്ലെന്നും അനധികൃത നിർമാണം തടയണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.