ഇന്ത്യയിലെ ആദ്യത്തെ "ഉപ്പുവെള്ള വിളക്ക്" കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂ ഡൽഹി: എൽ.ഇ.ഡി ബൾബുകൾക്ക് പ്രവർത്തിക്കാനായി കടൽ ജലം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപ്പുവെള്ളംകൊണ്ടുള്ള റാന്തൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കി. തീരദേശ ഗവേഷണ കപ്പലായ സാഗർ അൻവേഷിക സന്ദർശിക്കാനെത്തിയ വേളയിലാണ് ജിതേന്ദ്ര സിംഗ് ആദ്യത്തെ ഉപ്പുവെള്ള റാന്തലായ"റോഷ്‌നി"യെ പരിചയപ്പെടുത്തിയത്.


ഇന്ത്യയിലെ തീരപ്രദേശത്ത് താമസിക്കുന്ന മൽസ്യതൊഴിലാളി സമൂഹത്തിന് ഉപ്പുവെള്ള റാന്തൽ വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള എൽ.ഇ.ഡി ബൾബുകളുടെ വിതരണത്തിനായി 2015 ൽ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജാല പദ്ധതിക്ക് ഇത് പ്രോത്സാഹനം നൽകും.


ഊർജ സുരക്ഷ, ലഭ്യത, ദേശീയ സമ്പത് വ്യവസ്ഥയുടെ കാർബൺ ഉപയോഗം കുറക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഊർജ മന്ത്രാലയത്തിന്റെ സോളാർ സ്റ്റഡി ലാമ്പുകൾ പോലെയുള്ള ഊർജസ്വലമായ പുനരുപയോഗ ഊർജ പദ്ധതിക്ക് റോഷ്‌നി ലാംപ്സ് നേതൃത്വം നൽകുന്നത്. കടൽ വെള്ളം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.


ഏതെങ്കിലും വെള്ളമോ സാധാരണ ഉപ്പു കലർത്തിയ വെള്ളംകൊണ്ടോ വിളക്കിന് ഊർജ്ജം പകരാൻ ഉപയോഗിക്കാവുന്നതാണ്. ഇത് ചിലവ് കുറഞ്ഞതും വളരെ ഫലപ്രദവും പ്രവർത്തിപ്പിക്കാൻ എളുപ്പവുമാണ്. ഉപ്പുവെള്ള വിളക്ക് കണ്ടുപിടിച്ച എൻ.ഐ.ഒ.ടി സംഘത്തെ മന്ത്രി അഭിനന്ദിച്ചു.


മുതിർന്ന ശാസ്ത്രജ്ഞന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷൻ നടപ്പാക്കുന്നതിന്റെ പുരോഗതിയെക്കുറിച്ചും ലക്ഷദ്വീപിലെ ദ്വീപുകളിൽ കടൽ ജലം കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള എൻ.ഐ.ഒ.ടി വികസിപ്പിച്ച ലോ ടെമ്പറേച്ചർ തെർമൽ ഡിസാലിനേഷൻ സാങ്കേതിക വിദ്യയുടെ പുരോഗതിയെക്കുറിച്ചും ജിതേന്ദ്ര സിങ് അവലോകനം ചെയ്തു.


ലക്ഷദ്വീപിലെ കവരത്തി, അഗതി, മിനിക്കോയി, ദ്വീപുകളിലെ എൽ.ടി.ടി.ഡി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഡിസാലിനേഷൻ പ്ലാന്റുകൾ കൂടെ വികസിപ്പിച്ച് പ്രദർശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.

Tags:    
News Summary - salinewaterlanternlaunched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.