അഅ്സം ഖാന്റെ മകന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: 2017ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് അസാധുവാക്കിയതിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഅ്സം ഖാന്റെ മകൻ മുഹമ്മദ് അബ്ദുല്ല അഅ്സം ഖാൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് അലഹബാദ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളിയത്. സെപ്റ്റംബർ 20ന് സുപ്രീംകോടതി കേസിൽ ഉത്തരവിടുന്നത് മാറ്റിവെച്ചിരുന്നു.

2017ൽ സുവാർ മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ അബ്ദുല്ല അസമിന് 25 വയസ്സിന് താഴെയായതിനാൽ മത്സരിക്കാൻ യോഗ്യനല്ലെന്ന് 2019 ഡിസംബറിൽ അലഹബാദ് ഹൈകോടതി വിധിച്ചിരുന്നു. 2019 ജനുവരി മൂന്നിന് രാംപുരിലെ ബി.ജെ.പി നേതാവ് ആകാശ് സക്‌സേനയാണ് ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് നൽകിയത്.

ഏപ്രിലിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം നൽകിയത് വ്യാജ ജനന സർട്ടിഫിക്കറ്റാണെന്നാണ് ആരോപണം. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് രാംപുർ കോടതി അഅ്സം ഖാനെയും ഭാര്യയെയും തടവുശിക്ഷക്ക് വിധിച്ചിരുന്നു.

കുറ്റപത്രം പ്രകാരം രാംപുർ മുനിസിപ്പാലിറ്റി നൽകിയ ഒരു ജനന സർട്ടിഫിക്കറ്റിൽ ജനനത്തീയതി 1993 ജനുവരി ഒന്ന് ആണ്. മറ്റൊരു സർട്ടിഫിക്കറ്റിലുള്ളത് 1990 സെപ്റ്റംബർ 30ന് ലഖ്‌നോവിൽ ജനിച്ചുവെന്നാണ്. 2022ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അബ്ദുല്ല അഅ്സം ഖാൻ വീണ്ടും ഇതേ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - SC rejects Azam Khan son Abdullah Azam Khan's plea challenging HC order annulling his election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.