ഡൽഹിയിൽ സ്കൂളുകൾ അടഞ്ഞുതന്നെ; അമിത ജാഗ്രത കാരണം വിദ്യാർഥികളെ ദ്രോഹിക്കുന്നെന്ന്​ മന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വാരാന്ത്യ കർഫ്യൂ പിൻവലിക്കാനും, നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സർക്കാർ തീരുമാനം എടുത്തെങ്കിലും സ്‌കൂളുകളും, കോളേജുകളും തൽക്കാലം അടഞ്ഞുകിടക്കും. വ്യാഴാഴ്ചത്തെ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. അടുത്ത ഡിഡിഎംഎ യോഗത്തിൽ സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം വീണ്ടും ചർച്ച ചെയ്യും. പുതിയ തീരുമാനത്തിൽ ഡൽഹി സർക്കാർ തൃപ്തരല്ല.


കുട്ടികൾ സുരക്ഷിതമല്ലാത്ത സമയത്താണ് ഡൽഹി സർക്കാർ സ്‌കൂളുകൾ അടച്ചിട്ടതെന്നും എന്നാൽ അമിത ജാഗ്രത കാരണം ഇപ്പോൾ വിദ്യാർഥികളെ ദ്രോഹിക്കുന്നതെന്നും ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. സ്‌കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ ഡിഡിഎംഎയെ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 'പകർച്ചവ്യാധി കാരണമുള്ള സ്‌കൂൾ അടച്ചുപൂട്ടൽ അവരുടെ പഠനത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിച്ചു. കോവിഡ് കാലത്ത് കുട്ടികളുടെ സുരക്ഷയ്ക്കായിരുന്നു ഞങ്ങളുടെ മുൻഗണന. എന്നാൽ കൊവിഡ് കുട്ടികൾക്ക് അത്ര ഹാനികരമല്ലെന്ന് വിവിധ ഗവേഷണങ്ങൾ കണ്ടെത്തിയതിനാലും, പരീക്ഷകൾക്കും അനുബന്ധ തയ്യാറെടുപ്പുകൾക്കുമുള്ള സമയമായതിനാൽ സ്‌കൂളുകൾ വീണ്ടും തുറക്കേണ്ടത് പ്രധാനമാണ്'-സിസോദിയ പറഞ്ഞു.

ബുധനാഴ്ച, എപ്പിഡെമിയോളജിസ്റ്റും പബ്ലിക് പോളിസി സ്പെഷ്യലിസ്റ്റുമായ ചന്ദ്രകാന്ത് ലഹരിയുടെ നേതൃത്വത്തിലുള്ള രക്ഷിതാക്കളുടെ പ്രതിനിധി സംഘം മന്ത്രിയെ കാണുകയും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് 1,600 ഓളം രക്ഷിതാക്കൾ ഒപ്പിട്ടമെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തിരുന്നു. എയിംസ്, ഐസിഎംആർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നീതി ആയോഗ്, ഡബ്ല്യുഎച്ച്ഒ, മറ്റ് നിരവധി സംഘടനകൾ എന്നിവ പ്രകാരം കുട്ടികളിൽ കൊവിഡുമായി ബന്ധപ്പെട്ട അപകടസാധ്യത വളരെ കുറവാണെന്ന് ലഹരിയ ചൂണ്ടിക്കാട്ടി.

'സ്‌കൂൾ അടച്ചുപൂട്ടലിന് ചില ഗുണങ്ങളുണ്ട്, പക്ഷേ കുട്ടികളുടെ പഠനത്തിലും മാനസിക-വൈകാരിക ക്ഷേമത്തിലും അതിന്റെ പ്രതികൂല സ്വാധീനം വളരെ ഉയർന്നതാണ്. അതിനാൽ, സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്'-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Schools, Colleges In Delhi To Remain Closed Until Further Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.