തൃശൂർ: ഭാരത് ജോഡോ പദയാത്രക്കിടെ തൃശൂർ ജില്ലയിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ നിശ്ചയിച്ച മൂന്ന് കൂടിക്കാഴ്ചകൾ റദ്ദാക്കി. സുരക്ഷ കാരണങ്ങളാലും കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിലും പരിസരത്തും ഗതാഗതം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പൊതുജനങ്ങൾക്ക് പ്രയാസമാകും എന്നതിനാലുമാണ് റദ്ദാക്കിയതെന്ന് തൃശൂർ ജില്ലയിൽ പദയാത്രയുടെ സംഘാടക സമിതി കോ-ഓർഡിനേറ്റർ ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. യാത്രയിൽ ഇനിയുള്ള ദിവസങ്ങളിലും കൂടിക്കാഴ്ചകൾക്ക് സാധ്യതയില്ലെന്നും എം.പി പറഞ്ഞു.
ഇന്നലെ ചാലക്കുടിയിലെത്തിയ പദയാത്രക്ക് ഇന്ന് വിശ്രമമാണ്. ചാലക്കുടി ക്രസൻറ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കണ്ടെയ്നറുകളിലാണ് പദയാത്രാംഗങ്ങൾ താമസിക്കുന്നത്.
ശനിയാഴ്ച രാവിലെ ചാലക്കുടിയിൽനിന്ന് തൃശൂരിലേക്ക് പുറപ്പെടും. ഉച്ചക്ക് 12.30ന് തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ തെരഞ്ഞെടുക്കപ്പെട്ട മത-സാമുദായിക-പൗര പ്രമുഖരുമായും 2.30ന് സാഹിത്യ അക്കാദമിയിൽ കല-സാഹിത്യ-സാംസ്കാരിക പ്രവർത്തകരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. പദയാത്ര തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് തിരിക്കുന്ന ഞായറാഴ്ച ഉച്ചക്ക് 12.30 മുളങ്കുന്നത്തുകാവ് 'കില'യിൽ സ്വാതന്ത്ര്യ സമര സേനാനികളെയും സൈനിക നടപടികൾക്കിടെ ജീവൻ നഷ്ടപ്പെട്ട ഭടന്മാരുടെ വിധവകളെയും കാണുമെന്ന് അറിയിച്ചിരുന്നു. ഈ മൂന്ന് പരിപാടികളുമാണ് റദ്ദാക്കിയത്.
ശനിയാഴ്ച വൈകിട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.