അ​ർ​ജു​ന്റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ ജി​തി​ൻ, കോ​ഴി​ക്കോ​ട് എം.​പി. എം.​കെ. രാ​ഘ​വ​ൻ, മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു

അർജുന് വേണ്ടി തിരച്ചിൽ: ഡ്രഡ്ജർ എത്തിക്കും; ചെലവ് കർണാടക വഹിക്കുമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: ഷിരൂരിൽ ഗംഗാവാലി പുഴയിൽ തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തിക്കാനാവശ്യമായ ചെലവ് പൂർണമായും കർണാടക സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അർജുനടക്കം കാണാതായ മൂന്നുപേർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം ബുധനാഴ്ച കൂടിക്കാഴ്ചക്കെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.

ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ നടന്ന കുടിക്കാഴ്ചയിൽ അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ, കോഴിക്കോട് എം.പി എം.കെ. രാഘവൻ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, എ.ഐ.സി.സി അംഗം അഡ്വ. സത്യൻ പുത്തൂർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തിയുണ്ടെന്ന് സംഘം പ്രതികരിച്ചു.

ഗംഗാവാലി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും കല്ലും ചളിയും നീക്കിയാലേ അർജുനടക്കം കാണാതായവരെക്കുറിച്ച് സൂചനയും ലോറിയുടെ ബാക്കിഭാഗങ്ങളും കണ്ടെത്താനാകൂ. ലോറിയുടെ കയറിന്റെ ഭാഗം നേവി സംഘവും ഹൈഡ്രോളിക് ജാക്കി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും പുറത്തെത്തിച്ചിരുന്നു. ഇതോടെ, നദിയിലെ മൺകൂനയിൽ ലോറി കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

മണ്ണും ചളിയും നീക്കാൻ ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കാൻ ഏകദേശം ഒരുകോടിയോളം രൂപയാണ് ചെലവ്. ഇതിന്റെ ചെലവ് ആരു വഹിക്കുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിൽ ഷിരൂരിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോൾ അനുകൂല കാലാവസ്ഥയായതിനാൽ തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യവുമായാണ് അർജുന്റെ കുടുംബം ബംഗളൂരുവിൽ മുഖ്യമന്ത്രിയെ കണ്ടത്. ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ബുധനാഴ്ച രാത്രി കാണും.

അതേസമയം, അർജുനെ കുടാതെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് കഴിഞ്ഞ മാസം 16 നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത്.

ഇവർക്കായി തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ലോകേഷിന്റെയും ജഗന്നാഥിന്റെയും ബന്ധുക്കളടക്കമുള്ളവർ ബുധനാഴ്ച ഉത്തര കന്നട ജില്ല ഭരണ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.

Tags:    
News Summary - Shirur landslide: Dredger cost will bear Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.