മുംബൈ: ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നതയില്‍ മഞ്ഞുരുക്കത്തിന്റെ സാധ്യതകള്‍ നല്‍കിക്കൊണ്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന്, സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന മറുപടിയാണ് ഫഡ്‌നാവിസ് നല്‍കിയത്.
'ഞങ്ങള്‍ ഒരിക്കലും ശത്രുക്കളല്ല. നേരത്തെ, ആരുമായാണോ പോരാടിയിരുന്നത് അവരുമായി ശിവസേന സഖ്യത്തിലായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഞങ്ങളെ വിട്ടുപോയി. രാഷ്ട്രീയത്തില്‍ 'പക്ഷേ'കളില്ല. ഓരോ സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക' -ഫഡ്‌നാവിസ് പറഞ്ഞു.
ഏറെക്കാലത്തെ സഖ്യകക്ഷികളായിരുന്ന ശിവസേനയും ബി.ജെ.പിയും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അധികാര സ്ഥാനംവെപ്പില്‍ ധാരണയിലെത്താനാവാതെ പിരിഞ്ഞത്. തുടര്‍ന്ന്, കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് അധികാരത്തിലേറുകയായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി.
എന്നാല്‍, സഖ്യത്തിനുള്ളില്‍ ഈയിടെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ, ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസാരിച്ചതും ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.