ന്യൂഡൽഹി: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ നടപടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. മഹാത്മ ഗാന്ധിയുടെ വാക്കുകൾ പരാമർശിച്ചാണ് പ്രിയങ്കയുടെ വിമർശനം.
കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതാണ്. അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തിൽ മുഴുവൻ ഈ തത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാർമിക ശക്തിയെയാണ് അവർ പ്രതിനിധാനം ചെയ്തിരുന്നത്.
എന്നാൽ, എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഫലസ്തീനിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും വൈദ്യുതിയും നിഷേധിക്കപ്പെടുമ്പോൾ ആ വിഷയത്തിൽ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ അത് നേടിയ എല്ലാ പുരോഗതികൾക്കും എതിരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ വൻ ആക്രമണം നടത്തുന്നതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. 45 അംഗങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. എന്നാൽ, യു.എൻ ജനറൽ അസംബ്ലിയിൽ 120 വോട്ടുകൾക്ക് പ്രമേയം പാസായി. യു.എസും ഇസ്രായേലും ഉൾപ്പെടെ 14 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.
ഇന്ത്യയെ കൂടാതെ യു.കെ, ജർമ്മനി,യുക്രെയ്ൻ, ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. അതേസമയം, യു.എസിന്റേയും കാനഡയുടെയും സമ്മർദത്തിന് വഴങ്ങി ഹമാസിനെ പേര് പറഞ്ഞ് അപലപിക്കാനും ബന്ദികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം കൂടി അവതരിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.