ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി 1998ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിന്റെ വിഡിയോയെ ചൊല്ലി ട്വിറ്ററിൽ തൃണമൂൽ-ബി.ജെ.പി നേതാക്കളുടെ പോര്. ദീപിക പദുകോൺ ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ച പാട്ടിനെ തുടർന്ന് പത്താൻ സിനിമക്കെതിരെ ബി.ജെ.പിയുടെ ബഹിഷ്കരണാഹ്വാനം നടക്കുന്ന സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിഡിയോ കുത്തിപ്പൊക്കിയത്.
മിസ് ഇന്ത്യ മത്സരത്തിൽ സ്വിം സ്യൂട്ട് ധരിക്കേണ്ട റൗണ്ടിൽ അതേ വേഷം ധരിച്ചു നിൽക്കുന്ന സ്മൃതി ഇറാനിയുടെ വിഡിയോ ആണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത ട്വീറ്റ് ചെയ്തത്. തുടർന്ന് തൃണമൂൽ കോൺഗ്രസ് സ്ത്രീ വിരുദ്ധത പ്രദർശിപ്പിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജി രംഗത്തുവന്നു.
മമത ബാനർജി ഇത്തരം സ്ത്രീവിരുദ്ധരായ ആളുകളെ ടി.എം.സിയുടെ ദേശീയ വക്താവായി നിയമിച്ചിരിക്കുന്നത് ലജ്ജാകരമെന്നായിരുന്നു ബി.ജെ.പി എം.പിയുടെ ട്വീറ്റ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണം ഇദ്ദേഹത്തെ പോലുള്ളവരാണെന്നും അദ്ദേഹം വിമർശിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ എത്ര ബി.ജെ.പി നേതാക്കൾ ന്യായീകരിച്ചിട്ടുണ്ട് എന്നായിരുന്നു ഇതിന് തൃണമൂൽ കോൺഗ്രസിന്റെ മറുപടി. സംസ്കാര സമ്പന്നരായ ബ്രാഹ്മണൻമാർ എന്നായിരുന്നു ഇത്തരം ബലാത്സംഗ പ്രതികളെ ബി.ജെ.പി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുങ്കുമ നിറം നിങ്ങളുടെ പാർട്ടിയുടെ പിതൃത്വ സ്വത്താണെന്ന അവകാശ വാദം ആദ്യം അവസാനിപ്പിക്കൂ. ദീപിക പദുക്കോൺ കുങ്കുമ നിറത്തിലുള്ള ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്ക് വിറയലുണ്ടാകുന്നു; എന്നാൽ സ്മൃതി ഇറാനി ചെയ്യുമ്പോൾ നിങ്ങൾ കണ്ണടക്കുന്നു. എന്തൊരു തരം കാപട്യമാണിത് എന്നായിരുന്നു റിജു ദത്ത ട്വീറ്റ് ചെയ്തത്.
കൂടാതെ സ്ത്രീ ശാക്തീകരണത്തിന്റെ നിർവചനമായ ഒരു നേതാവ് നയിക്കുന്ന പാർട്ടിയിൽ നിന്നുള്ള ഒരാളാണ് ഞാൻ. എന്നാൽ ബലാത്സംഗക്കാരെ സംസ്കാര സമ്പന്ന ബ്രാഹ്മണരായി കരുതുന്ന ഒരു പാർട്ടിയെ ആണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത് എന്നും തൃണമൂൽ എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.