ന്യൂഡൽഹി: ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. സ്വാമി അഗ്നിവേശ്, ഇഫ്തിഖാർ ഗീലാനി, കവിത കൃഷ്ണൻ, മുജ്തബ ഫാറൂഖ്, രവി നായർ തുടങ്ങി നൂറോളം പ്രമുഖർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിറക്കി. പ്രശസ്ത പണ്ഡിതനും പത്രപ്രവർത്തകനും കൂടിയായ ഖാനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങളെക്കുറിച്ചും ഇന്ത്യൻ മുസ്‌ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച കുവൈത്തിന് നന്ദി പറഞ്ഞും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ അപവാദ പ്രചാരണം തുടങ്ങിയത്. അദ്ദേഹത്തിെൻറ വാക്കുകൾ വളച്ചൊടിച്ച ചിലർ ഹിന്ദുവിരുദ്ധനും ഇന്ത്യാ വിരുദ്ധനുമായി മുദ്രകുത്തുകയായിരുന്നു. വർഗീയതയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന വാർത്താ അവതാരകരും ഏതാനും രാഷ്ട്രീയക്കാരുമാണ് ഇതിന് നേതൃത്വം നൽകിയതെന്ന് പ്രസ്താവനയിൽ ആരോപിച്ചു.
ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള വിേവചനവും സംബന്ധിച്ച് പലകോണുകളിൽ നിന്ന് നേരത്തെ വിമർശനമുയർന്നിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സംഘടനകൾ, യൂറോപ്യൻ ഭരണകൂടങ്ങൾ, അമേരിക്ക, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംവിധാനങ്ങൾ എന്നിവ ആവർത്തിച്ച് അടിവരയിട്ട് ഉന്നയിച്ച ആശങ്കകളാണ് ഡോ. സഫറുൽ ഇസ്ലാം ഖാനും പങ്കുവെച്ചതെന്ന് പ്രസ്താവനയിൽ ഒപ്പുവെച്ചവർ വ്യക്തമാക്കി.
ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനും മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന മാനവികവാദിയാണ് ഡോ. ഖാൻ. ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിെൻറ പ്രവർത്തനത്തെ വിവിധ മതക്കാരും മനുഷ്യാവകാശ പ്രവർത്തകരും എൻജിഒകളും പ്രശംസിച്ച കാര്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഡോ. ഖാനെതിരായ വിദ്വേഷ പ്രചാരണം ഹിന്ദുമതത്തെയും ഹിന്ദുത്വയെയും തമ്മിൽ വേർതിരിക്കുന്നതിൽ പരാജയപ്പെടുന്നതിെൻറ ഉദാഹരണം കൂടിയാണെന്ന് അവർ പറഞ്ഞു.
ഐ.എസ്, ബോകോഹറാം തുടങ്ങിയ ഭീകര സംഘടനകൾ ന്യുനപക്ഷങ്ങൾക്കുനേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്ത ഖാൻ എല്ലാവിധ തീവ്രവാദത്തിനും എതിരായിരുന്നു. ഇതേകാരണം കൊണ്ടുതന്നെ അദ്ദേഹം ആർ.എസ്.എസിനെയും ശക്തമായി വിമർശിച്ചിരുന്നു. ഡോ. സഫറുൽ ഇസ്ലാം ഖാെൻറ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ച് അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഹമ്മദ് അദീബ്, പ്രഫ. അരുൺ കുമാർ, സഫർ ജംഗ്, കമൽ ഫാറൂഖി, സുഭാഷ് ഗടാഡെ, ഇന്ദു പ്രതാപ് സിംഗ്, അവിനാശ് കുമാർ, ഗോപാൽ മേനോൻ, അശോക് ചൗധരി, ഇ.എം അബ്ദുറഹ്മാൻ, കെ.കെ. സുഹൈൽ, ശ്രീധർ രാമമൂർത്തി, മാലിക് മുഅ്തസിം ഖാൻ തുടങ്ങിയ പ്രമുഖരും പ്രസ്താവനയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.