പട്ന: ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യത്തിൽ ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷ മഹാസഖ്യവും നേർക്കുനേർ പോരിൽ. പ്രത്യേക പദവി എന്ന വ്യവസ്ഥ 14ാം നകാര്യ കമീഷൻ റദ്ദാക്കിയിരുന്നു. പ്രത്യേക പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രവും നിലപാടെടുത്തു. ബിഹാർ വിഭജിച്ച് ഝാർഖണ്ഡ് രൂപവത്കരിച്ചപ്പോൾ ധാതു സമ്പത്ത് ഝാർഖണ്ഡിന് ലഭിച്ചതോടെയാണ് സംസ്ഥാനത്ത് ആദ്യമായി പ്രത്യേക പദവി ആവശ്യമുയർന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭ സ്പീക്കറുമായ മീരാ കുമാറാണ് ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പദവിയുടെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിക്കാത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെ.ഡി.യുവിനും നാണക്കേടായി മാറുന്ന അവസ്ഥയാണ്. കോൺഗ്രസും ആർ.ജെ.ഡിയും ഇടക്കിടെ കുത്തിനോവിക്കുന്നുമുണ്ട്. കേന്ദ്രം ഭരിക്കാൻ ആശ്രയിക്കുന്ന ജെ.ഡി.യുവിന്റെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതിലും വലിയ വിരോധാഭാസമില്ലേ -കോൺഗ്രസ് നേതാവും മുൻ ലോക്സഭ സ്പീക്കറുമായ മീര കുമാർ പറഞ്ഞു. മഹാസഖ്യത്തെ ഉപേക്ഷിച്ച് മലക്കം മറിഞ്ഞ് തന്റെ പക്ഷത്തെത്തിയ സഖ്യകക്ഷിയോട് പ്രധാനമന്ത്രി കുറച്ച് ബഹുമാനം കാണിക്കണമെന്ന് മീര കുമാർ കളിയാക്കി. സംസ്ഥാനത്തിന് പ്രത്യേക പദവിയോ സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ദേശീയ എക്സിക്യൂട്ടിവ് യോഗം പ്രമേയം പാസാക്കിയിരുന്നു.
യു.പി.എ സർക്കാർ പ്രത്യേക പദവി എന്ന ആവശ്യം അവഗണിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിന് അർഹിക്കുന്നത് നൽകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന മന്ത്രിയും മുതിർന്ന ജെ.ഡി.യു നേതാവുമായ ശ്രാവൺ കുമാർ പറഞ്ഞു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയിരുന്നു. ‘വികസിത ഭാരത്’ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും ബിഹാറും വികസിക്കുമ്പോൾ മാത്രമേ അത് സാധ്യമാകൂവെന്നും സിൻഹ പറഞ്ഞു. ബി.ജെ.പിയും ജെ.ഡി.യുവും കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം പങ്കിട്ടിട്ടും പ്രത്യേക പദവിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.ജെ.ഡി എം.എൽ.എ ഭായ് വീരേന്ദ്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.