ചെന്നൈ: ചൊവ്വാഴ്ച 69 വയസ്സ് തികഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആശംസ പ്രവാഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്റ്റാലിനെ ഫോണിൽ വിളിച്ച് ആശംസ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ ഡി.എം.കെ അധ്യക്ഷന് ആശംസ നേർന്നു. മോദി ട്വിറ്ററിൽ ജന്മദിനാശംസകൾ കുറിച്ചതിനുപുറമെ ഫോണിലും സ്റ്റാലിനെ വിളിച്ച് ആയുരാരോഗ്യസൗഖ്യം നേർന്നു.
തമിഴ്നാടിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തനം തുടരണമെന്ന് മോദി പറഞ്ഞപ്പോൾ, അതിന് താങ്കളുടെ സഹകരണം അനിവാര്യമാണെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്നാട്ടിലും ദേശീയതലത്തിലും ജനസേവനം തുടരാൻ ദീർഘായുസ്സ് നേരുന്നതായാണ് നാഷനൽ കോൺഫറൻസ് നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിന് ജന്മദിനാശംസ നേർന്നു. പിറന്നാൾ ത്തലേന്ന് ചെന്നൈയിൽ നടന്ന സ്റ്റാലിന്റെ 'നിങ്ങളിൽ ഒരുവൻ' എന്ന ആത്മകഥ പുസ്തക പ്രകാശന ചടങ്ങിൽ സ്റ്റാലിനെ നേരിൽക്കണ്ട് അഭിനന്ദിച്ചിരുന്നു. ചരിത്രപരമായ കേരള-തമിഴ്നാട് ബന്ധം കൂടുതൽ ദൃഢമാക്കാനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മഹത്തായ തത്ത്വങ്ങൾക്കുവേണ്ടിയുള്ള സ്റ്റാലിന്റെ പോരാട്ടം തുടരാനും ആശംസ നേരുന്നതായി തമിഴിലും മലയാളത്തിലുമായാണ് പിണറായി വിജയൻ ട്വീറ്റിട്ടത്.
ചൊവ്വാഴ്ച രാവിലെ, അന്തരിച്ച ദ്രാവിഡ നേതാക്കളായ ഇ.വി. രാമസാമി പെരിയാർ, സി.എൻ. അണ്ണാദുരൈ, പിതാവ് എം. കരുണാനിധി എന്നിവരുടെ സമാധികളിൽ ചെന്ന് സ്റ്റാലിൻ പുഷ്പാർച്ചന നടത്തി. പിന്നീട് ഡി.എം.കെ ആസ്ഥാനമായ 'അണ്ണാ അറിവാലയ'ത്തിൽ നൂറുകണക്കിന് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സ്നേഹമേറ്റുവാങ്ങി.
വിവിധ കക്ഷിനേതാക്കളും സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖരും സ്റ്റാലിന് ആശംസ നേരുന്നു.
നടന്മാരായ രജനീകാന്തും കമൽഹാസനും മുഖ്യമന്ത്രിക്ക് ആശംസ നേർന്നു. സ്റ്റാലിന്റെ ആത്മകഥ പ്രകാശന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിറന്നാൾ ആശംസ നേർന്നിരുന്നു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സെമിനാറുകൾ, രക്തദാന- മെഡിക്കൽ ക്യാമ്പുകൾ, അന്നദാനം, വിദ്യാർഥികൾക്ക് സഹായധന വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.