ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്നേക്കും. യു.പിയില്‍ ഏഴ് ഘട്ടങ്ങളിലായും മറ്റിടങ്ങളില്‍ ഒറ്റയടിക്കും വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ഇത്തവണ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നതിനാല്‍ അതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ് തിയതിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രണ്ടുവര്‍ഷം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ നടത്തിയ വന്‍ മുന്നേറ്റം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അന്ന് യു.പിയിലെ 80 സീറ്റില്‍ 70ഉം ബി.ജെ.പി തൂത്തുവാരിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് സമാജ്വാദി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പിയെയും എസ്.പിയെയും തള്ളി അധികാരത്തില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ബി.എസ്.പി.
പഞ്ചാബില്‍ രണ്ട് തവണയായി തുടരുന്ന ശിരോമണി അകാലിദള്‍- ബി.ജെ.പി കൂട്ടുകെട്ടിന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇത്തവണ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി ബി.ജെ.പിയില്‍നിന്നാണ്. ഗോവയില്‍ അധികാരതുടര്‍ച്ച കാത്തിരിക്കുന്ന ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. മണിപ്പൂരില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ബജറ്റിലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ ബാധിക്കുമെന്ന വിമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ബജറ്റ് നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ളെന്നും രാജ്യത്തിനാകെ ബാധകമായതിനാല്‍ അതിന് തടസ്സങ്ങളൊന്നും ഇല്ളെന്നുമുള്ള നിലപാടിലാണ് ഇലക്ഷന്‍ കമീഷന്‍. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടും കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.