ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ രാഖി സാവന്താണ് നവ്ജ്യോത് സിങ് സിദ്ദുവെന്ന പരാമർശത്തിൽ വട്ടംകറങ്ങി ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് നേതാവിന്റെ പ്രസ്താവനയെന്ന പ്രതികരണങ്ങൾക്ക് പിന്നാലെ രാഘവിന് നേരിട്ട് മറുപടി നൽകിയിരിക്കുകയാണ് ബോളിവുഡ് താരം രാഖി സാവന്ത്.
'രാഘവ് ഛദ്ദ, എന്നിൽനിന്നും എന്റെ പേരിൽനിന്നും അകലം പാലിക്കുക. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആകുന്നതിന് നിങ്ങൾക്ക് എന്റെ പേര് ഉപയോഗിക്കേണ്ടിവന്നു. മറ്റെല്ലാ ദിവസങ്ങളും ഞാൻ എങ്ങനെ ട്രെൻഡിങ്ങാകുന്നുവെന്ന് കൂടി ആലോചിക്കൂ' -രാഖി പറഞ്ഞു.
രാഖിക്ക് പിന്തുണയുമായി ഭർത്താവ് രിതേഷും രംഗത്തെത്തി. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് അദ്ദേഹം. രാഘഖ് ഛദ്ദയെ ഉടൻതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അഭ്യർഥിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളോട് ഇത്തരം വിദ്വേഷ മാനസികാവസ്ഥ പുലർത്തുന്നത് ശരിയായ കാര്യമല്ലെന്നും രിതേഷ് കൂട്ടിച്ചേർത്തു.
'നിങ്ങളുടെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മറ്റൊരാളുടെ വ്യക്തിജീവിതത്തെ തകർക്കരുത്. എനിക്ക് വേണമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാം. എന്നാൽ, നിങ്ങളുടെ വാക്കുകളിൽ പക്വതയില്ലായ്മ കാണുന്നു. അതിനാൽ ഒരു പക്വതയില്ലാത്ത ആളെന്ന നിലയിൽ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല' -മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് രിതേഷ് പറഞ്ഞു.
കാർഷിക നിയമങ്ങളിൽ ഡൽഹി സർക്കാറിനെയും അരവിന്ദ് കെജ്രിവാളിനെയും വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് തലവൻ നവജ്യോത് സിങ് സിദ്ദു വിഡിയോ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു രാഘവിന്റെ പ്രതികരണം. താങ്ങുവില നിർണയിച്ച വിളകൾക്ക് പോലും സ്വകാര്യ മണ്ഡികളിൽ കുറഞ്ഞ വില നിർണയിക്കുകയും കർഷകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്നായിരുന്നു അരവിന്ദ് കെജ്രിവാളിനെതിരായ സിദ്ദുവിന്റെ വിമർശനം.
എന്നാൽ, പഞ്ചാബ് രാഷ്്ട്രീയത്തിലെ രാഖി സാവന്താണ് നവ്ജ്യോത് സിങ് സിദ്ദു. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരായ പരാമർശങ്ങളിൽ ഹൈക്കമാൻഡിൽ നിന്ന് ശാസന ലഭിച്ചു. അതിനാൽ ഇന്ന് ഒരു മാറ്റത്തിന് അരവിന്ദ് കെജ്രിവാളിനെ വിമർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു രാഘവിന്റെ പ്രതികരണം.
അതേസമയം, രാഖി സാവന്തിനെ അനാവശ്യമായി ഇവരുടെ പ്രതികരണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ നെറ്റിസൺസും നിരവധി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സിദ്ദുവിന്റെ പരാമർശമെന്നായിരുന്നു നെറ്റിസൺസിന്റെ അഭിപ്രായം.
ഒരു രാഷ്ട്രീയ വാക്പോരിൽ അനാവശ്യമായി ഒരു സ്ത്രീയുടെ പേര് വലിച്ചിഴച്ചതിനെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബ രംഗത്തെത്തി. സ്ത്രീകളോടുള്ള എ.എ.പിയുടെ മാനസികാവസ്ഥയാണ് ഇത് വിവരിക്കുന്നതെന്നായിരുന്നു അൽക്ക ലാംബയുടെ മറുപടി.
രാഘവിന്റെ വാക്കുകൾക്ക് മറുപടിയുമായി സിദ്ദു മറ്റൊരു ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. 'മനുഷ്യൻ കുരങ്ങുകളിൽനിന്നാണ് പരിണമിച്ചതെന്നാണ് പറയുക. എന്നാൽ രാഘവ് ഛദ്ദ നിങ്ങളുടെ മനസിലേക്ക് നോക്കൂ. ഞാൻ വിശ്വസിക്കുന്നു നിങ്ങൾ ഇപ്പോഴും പരിണാമ ഘട്ടത്തിലാണ്. ഇപ്പോഴും നിങ്ങളുടെ സർക്കാറിന്റെ കാർഷിക നിയമങ്ങളെ സംബന്ധിച്ച എന്റെ സംശയങ്ങൾക്ക് നിങ്ങൾ മറുപടി നൽകിയിട്ടില്ല' -എന്നായിരുന്നു സിദ്ദുവിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.