ന്യൂഡൽഹി: സ്ഫോടനത്തിൽ മൂന്ന് കാറുകളുടെ ചില്ല് തകർന്ന സംഭവം ഭീകരാക്രമണമാണെന്നും അക്രമികൾ ഇസ്രായേൽ എംബസിയെയാണ് ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ടെന്നും ഇസ്രായേലി അംബാസഡർ റോൺ മാൽക്ക. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് 150 മീറ്റര്‍ ദൂരെ നടന്ന സ്ഫോടനത്തെ കുറിച്ച് വാർത്താ ഏജന്‍സിയായ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2012ൽ ഡൽഹിയിൽ ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഭീകരാക്രമണവുമായി ഇന്നലത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് അേദഹം പറഞ്ഞു.
'സംഭവസ്ഥലത്ത് നിന്ന് എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണ്. ഇന്ത്യ, ഇസ്രായേൽ അധികൃതരുടെ പൂർണ്ണ സഹകരണമുണ്ട്. ഇസ്രായേൽ എംബസിയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണിതെന്നാണ് ഞങ്ങളുടെ ശക്തമായ ധാരണ. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ ഇന്ത്യ -ഇസ്രായേൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 29ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് സ്ഫോടനം. അതിനാൽ, ഇത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. എല്ലാ സാധ്യതകളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2012 ൽ ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്' -റോൺ മാൽക്ക പറഞ്ഞു.
ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷ ഇന്ത്യ ഉറപ്പാക്കുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ അധികൃതരുമായി ആശയവിനിമയം നടത്തി. നേരത്തെ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമായും സംസാരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5.05 ഓടെയായിരുന്നു എംബസിക്ക് സമീപം സ്ഫോടനം നടന്നത്. നടപ്പാതക്ക് സമീപമുണ്ടായ തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ മൂന്ന് കാറുകളുടെ വിൻഡ്‌സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.