ലഖ്‌നോ: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ വിചാരണക്കിടെ മൊഴിമാറ്റി പരാതിക്കാരിയായ നിയമവിദ്യാർഥി. കേസ് പരിഗണിച്ച ലഖ്നോവിലെ പ്രത്യേക കോടതിയിലാണ് 23കാരി മൊഴിമാറ്റിയത്.
അലഹബാദ് ഹൈകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരായ വിദ്യാർഥി, ചിന്മയാനന്ദിനെതിരെ നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.
പെണ്‍കുട്ടി കൂറുമാറിയതായും സി.ആർ.പി.സിയുടെ സെക്ഷൻ 340 (കൂറുമാറൽ നിയമപ്രകാരം) നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷൻെറ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജസ്റ്റിസ് പി. കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് കേസിൽ വീണ്ടും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
ഉത്തർപ്രദേശിലെ ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാർഥിയായിരുന്ന പെണ്‍കുട്ടിയാണ് മുന്‍ എം.പിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ചിന്മയാനന്ദിൻെറ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ ചേർന്ന തന്നെ ഒരു വർഷത്തിലേറെയായി ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ആരോപണം. തുടർന്ന് ബലാത്സംഗക്കേസിൽ ചിൻമയാനന്ദ് (72) അറസ്റ്റിലായിരുന്നു. ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
ചിന്മയാനന്ദിനെതിരെ പീഡനപരാതി നൽകിയ ശേഷം പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വിവാദമായിരുന്നു. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ പെൺകുട്ടിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇരുവരും ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.