തിരുവനന്തപുരം: അമ്പത് ശതമാനം മറികടന്ന മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉദ്യോഗതലത്തിൽ ഏർപ്പെടുത്തിയ മുന്നാക്ക സംവരണം നിർത്തിവെക്കേണ്ടി വന്നേക്കും. 50 ശതമാനമുണ്ടായിരുന്ന സംവരണം മുന്നാക്ക സംവരണം നടപ്പാക്കിയതോടെയാണ് 60 ശതമാനമായി ഉയർന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ ഇതര വിഭാഗങ്ങൾക്ക് പത്ത് ശതമാനം നൽകിയതിന് പ്രായോഗികതലത്തിൽ തടസ്സങ്ങളുണ്ടാകുമെന്ന് നിയമമന്ത്രി എ.കെ. ബാലൻ മാധ്യമത്തോട് പറഞ്ഞു. ഭരണഘടന ഭേദഗതിയോ പുതിയ ഒാർഡിനൻസോ കേന്ദ്രം കൊണ്ടുവന്നാലേ ഇനി 50 ലധികം വരുന്ന സംവരണം നടപ്പാക്കാനാകൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ദിര സാഹ്നി കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് സാമൂഹികമായ പിന്നാക്കാവസ്ഥ മാത്രമായിരിക്കണം സംവരണത്തിന് അടിസ്ഥാനമെന്നും സാമ്പത്തികമായ പരിഗണനയിൽ ഏർപ്പെടുത്തുന്ന സംവരണം ഭരണഘടനയുടെ അടിത്തറ തകർക്കലാണെന്നും വ്യക്തമാക്കിയിരുന്നു. ഇത് പുതിയ വിധിയിലും അംഗീകരിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ മുന്നാക്ക സംവരണം ചോദ്യം ചെയ്ത് ഹൈകോടതിയിലും സുപ്രീംകോടതിയിലും നിലവിൽ കേസുകളുണ്ട്.
സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം തള്ളണമെന്നാണ് ഇതിലെ വാദം. മറാത്ത കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ 50 ശതമാനത്തിലധികം സംവരണം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും ഭരണഘടനാ സാധുത ഉറപ്പാക്കണമെന്നും നിയമ വിദഗ്ധൻ ഡോ. മോഹൻ ഗോപാൽ പറയുന്നു.
മുന്നാക്ക സംവരണം സംസ്ഥാനത്ത് വിദ്യാഭ്യാസതലത്തിലും ഉദ്യോഗതലത്തിലും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് എല്ലാ മേഖലയിലും 50 ശതമാനം കടന്നിട്ടില്ല. എന്നാൽ, നിയമനങ്ങളിൽ എല്ലാ തലത്തിലും 60 ശതമാനമാക്കി ഉയർത്തി. മറാത്ത വിഷയത്തിലാണ് സുപ്രീംകോടതി വിധിയെങ്കിലും സംവരണം 50 ശതമാനം മറികടന്ന കേരളവും ഇത് പരിഗണിക്കേണ്ടിവരും.
സർക്കാർ ഇക്കാര്യത്തിൽ നിയമപരമായ പരിശോധന നടത്തുമെന്നാണ് വിവരം. മുന്നാക്ക സംവരണം നടപ്പാക്കുന്ന ഘട്ടത്തിൽ പിന്നാക്ക സംവരണത്തിന് ഒരു പോറലുമേൽപിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പി.എസ്.സിയുടെ റൊേട്ടഷൻ ചാർട്ടിലടക്കം ഇതിനായി മാറ്റം വരുത്തിയിരുന്നു.
അതേസമയം മുന്നാക്ക സംവരണം നടപ്പാക്കിയത് ഭരണഘടന ഭേദഗതി ചെയ്താണ്. പിന്നാക്ക സംവരണം സാമൂഹിക പിന്നാക്കാവസ്ഥ അടിസ്ഥാനമാക്കിയാണ്. മുന്നാക്ക സംവരണം സാമ്പത്തിക അടിസ്ഥാനത്തിലും. അതുകൊണ്ടുതന്നെ മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്ന വാദം ഉയർന്നിട്ടുണ്ട്. ആ വിഷയത്തിൽ കോടതി ഇതുവരെ വ്യക്തത വരുത്തിട്ടില്ല.
പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രത്തിനായി ഇനി മാറും. സംസ്ഥാനങ്ങളാണ് ഇവിടെ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചിരുന്നത്. എസ്.െഎ.യു.സിക്ക് പുറത്ത് ക്രൈസ്തവ നാടാർ സംവരണം സംസ്ഥാനത്ത് നടപ്പാക്കിയത് ഇൗ വ്യവസ്ഥ പ്രകാരമാണ്.
പുതിയ വിധിയോടെ ഇനി സംസ്ഥാനങ്ങൾക്ക് ശിപാർശ അധികാരം മാത്രമാണുണ്ടാകുകയെന്ന അഭിപ്രായം വന്നിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ മുന്നാക്ക സംവരണമോ ക്രിമിലെയറോപോലും നടപ്പാക്കിയിട്ടില്ല. അവിടെ സംവരണം 69 ശതമാനമാണ്. ഇത് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ പെടുത്തിയാണ് സംരക്ഷിച്ചിരിക്കുന്നത്. ഇതിനെതിരായ കേസിൽ ഇതുവരെ തീരുമാനം വന്നിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.