ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് യു.പിയിലെ സീതാപുർ കേസിൽ നൽകിയ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി നൽകി. അതേസമയം, യു.പിയിലെതന്നെ ലഖിംപുർ ഖേരിയിലെയും ഡൽഹിയിലെയും കേസുകളിൽ ജുഡീഷ്യൽ റിമാൻഡിലായതിനാൽ സുബൈർ ജയിലിൽ തുടരും.
മതനേതാക്കളെ നിന്ദിച്ചുവെന്ന ചെയ്യാത്ത കുറ്റത്തിന് സീതാപുരിൽ യു.പി പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് മുഖേന സുബൈർ സുപ്രീംകോടതിയിലെത്തിയത്. സുബൈറിന്‍റെ ഹരജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാനുണ്ടെന്ന് യു.പി പൊലീസിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു സുപ്രീംകോടതിയോട് പറഞ്ഞു. ഇതേ തുടർന്ന് നാലാഴ്ച യു.പി പൊലീസിന് സമയം നൽകിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കാനായി സെപ്റ്റംബർ ഏഴിലേക്ക് മാറ്റി. ഈ കേസിലെ ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ചൊവ്വാഴ്ച തീരുകയാണെന്ന് കോളിൻ ഗോൺസാൽവസ് അറിയിച്ചപ്പോൾ ഇനിയൊരുത്തരവ് വരെ ഇടക്കാല ജാമ്യവും നീട്ടി നൽകി.
മുസ്ലിം വംശഹത്യക്ക് ആഹ്വാനം നൽകി അറസ്റ്റിലായ യതി നരസിംഗാനന്ദ, മുസ്ലിം സ്ത്രീകളെ വീടുകളിൽ പോയി ബലാത്സംഗം ആഹ്വാനം ചെയ്ത ബജ്രംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷ പ്രചാരണം പുറത്തുകൊണ്ടുവന്നതിനാണ് സുബൈറിനെതിരെ കേസെടുത്തതെന്നും വിദ്വേഷപ്രചാരകർ പുറത്തും വിദ്വേഷ പ്രചാരണം പുറത്തുകൊണ്ടുവന്ന സുബൈർ ജയിലിലുമാണെന്നും കോളിൻ വാദിച്ചു. എന്നാൽ, ഇവർ മതനേതാക്കളാണെന്നും സുബൈറിന്‍റെ നടപടി മതനിന്ദയാണെന്നുമാണ് കേന്ദ്ര സർക്കാറിന്‍റെ എ.എസ്.ജി എസ്.വി രാജു വാദിച്ചത്.
സുബൈർ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന് ആരോപിച്ച് ആശിഷ് കുമാർ കതിയാർ എന്ന പ്രാദേശിക ടി.വി ജേണലിസ്റ്റ് നൽകിയ കേസിൽ ലഖിംപുർ കോടതി 14 ദിവസത്തേക്കാണ് സുബൈറിനെ റിമാൻഡ് ചെയ്തത്. ഉത്തർപ്രദേശിലെ സീതാപുർ കോടതിയിലെ കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും ഡൽഹി പൊലീസ് കേസ് മൂലം മോചനം ലഭിക്കാത്ത സുബൈറിന് വീണ്ടും 14 ദിവസത്തെ ജയിൽവാസത്തിന് വഴിയൊരുക്കുന്നതാണ് യു.പി കോടതി വിധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.