ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ഡൽഹി കലാപ ഗൂഢാലോചന കേസിലാണ് ഉമർ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഡൽഹി പൊലീസിന് നോട്ടീസ് നൽകിയ കോടതി ആറാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. അതേസമയം, അടിയന്തരമായി കേസ് കേൾക്കാൻ ഉമർ ഖാലിദിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കേസ് അടിയന്തരമായി കേൾക്കാൻ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ഉമർ ഖാലിദിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. അടുത്തയാഴ്ചയാണ് സുപ്രീംകോടതിയിൽ വേനലവധി തുടങ്ങുന്നത്.
2022 ഒക്ടോബറിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് ഉമർ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. 20 ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഡൽഹി ഹൈകോടതി ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020 സെപ്റ്റംബറിലാണ് ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘം ചേരൽ, യു.എ.പി.എ എന്നിങ്ങനെ നിരവധി വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.