ഇന്ത്യയുടെ പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി; സുപ്രീംകോടതിയുടെ പ്രതികരണം ഇങ്ങനെ...

ഇന്ത്യയുടെ പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഈ ഹരജി പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് നിർദേശം നൽകി.

ഹരജി നിസ്സാരവും കോടതി നടപടികളുടെ ദുരുപയോഗവുമാണെന്ന് പ്രതികരിച്ച കോടതി, ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചു. 20 വർഷമായി പരിസ്ഥിതി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തിയ കിഷോർ ജഗന്നാഥ് സാവന്താണ് ഇത്തരത്തിൽ ഹരജി നൽകിയത്. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിഷോർ കോടതിയെ സമീപിച്ചത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഹരജിയിൽ പറഞ്ഞത്.

2022ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിലൊരാളായി തന്നെയും പരിഗണിക്കാൻ നിർദേശം നൽകുക, ഇന്ത്യൻ പ്രസിഡന്റായി നിയമിക്കാൻ നിർദേശിക്കുക, മുൻ രാഷ്ട്രപതിമാർക്ക് നൽകിയ ശമ്പളം 2004 മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക എന്നിങ്ങനെയാണ് ഹരജിയിൽ പറഞ്ഞത്.

എന്റെ കേസ് വാദിക്കാൻ കോടതി എന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാറിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നും അടിസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് നഷ്ടമായതെന്നും കിഷോർ പ്രതികരിച്ചു. എന്നാൽ, ഹരജി കോടതിയോട് കാണിക്കുന്ന അപമര്യാദയാണെന്ന് ബെഞ്ച് പറഞ്ഞു.

ഇന്ത്യൻ പ്രസിഡന്‍റിനെതിരെ എന്ത് തരം വൃത്തികെട്ട ആരോപണങ്ങളാണ് താങ്കൾ ഉന്നയിക്കുന്നതെന്ന് ചന്ദ്രചൂഡ് ഹരജിക്കാരനോട് ചോദിച്ചു. ഹരജിക്കാരന് തന്റെ അറിവിന്റെ അടിസ്ഥാനത്തിൽ പ്രസംഗിക്കാമെന്നും, എന്നാൽ ഇത്തരം ഹരജികൾ ഫയൽ ചെയ്യുന്നതല്ല വഴിയെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.

Tags:    
News Summary - Supreme Court slams man's plea seeking to be made President of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.