മോഹൻ ഭാഗവത്, എസ്.വൈ. ഖുറൈശി

ബീഫ് നിരോധനത്തിൽ മുസ്‌ലിംകൾക്ക് എതിർപ്പില്ല, 'കാഫിർ' എന്ന് വിളിക്കില്ല -മോഹൻ ഭാഗവതിന്‍റെ ചർച്ചയെക്കുറിച്ച് എസ്.വൈ. ഖുറൈശി

ന്യൂഡൽഹി: ബീഫ് നിരോധനത്തിൽ മുസ്‌ലിം സമുദായത്തിന് ഒരു പ്രശ്നവുമില്ലെന്നും ഹിന്ദു സമൂഹത്തെ വേദനിപ്പിക്കുന്നതാണെങ്കിൽ 'കാഫിർ' എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തുമെന്നും കഴിഞ്ഞ മാസം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി ചർച്ച നടത്തിയ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി. ആർ.എസ്.എസ് തലവനുമായുള്ള ചർച്ചയെ പോസിറ്റീവും ക്രിയാത്മകവുമായിരുന്നെന്നാണ് എൻ.ഡി.ടി.വിയോട് സംസാരിച്ച ഖുറൈശി വിശേഷിപ്പിച്ചത്.

രാജ്യത്ത് നിലനിൽക്കുന്ന സംഘർഷാന്തരീക്ഷത്തിൽ ആർ.എസ്.എസ് മേധാവിക്ക് അതൃപ്തിയുണ്ട്. മറ്റു പള്ളികളിൽ ഗ്യാൻവാപിയുടേതിന് സമാനമായ ആവശ്യം ഉന്നയിക്കുന്നതിനെ ആർ.എസ്.എസ് പിന്തുണയ്ക്കില്ലെന്ന് ഭാഗവത് ഉറപ്പ് നൽകിയതായും ഖുറൈശി പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ കേശവ് കുഞ്ചിൽ ആർ.എസ്.എസ് ആസ്ഥാനത്തായിരുന്നു മോഹൻ ഭാഗവതുമായി എസ്.വൈ. ഖുറൈശി അടക്കമുള്ളവർ ചർച്ച നടത്തിയത്. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി, വ്യവസായിയായ സഈദ് ശർവാണി തുടങ്ങിയവരാണ് പങ്കെടുത്തത്. അടച്ചിട്ടമുറിയിലെ ചർച്ച ഒരു മണിക്കൂർ നീണ്ടിരുന്നു.

രാജ്യവ്യാപകമായി ഗോവധ നിരോധനം നിലവിൽ വന്നാൽ, മുസ്‍ലിംകൾ നിയമം അനുസരിക്കുന്നവരാണെന്നും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും നേതാക്കൾ മോഹൻ ഭാഗവതിനോട് പറഞ്ഞതായും ഖുറൈശി വെളിപ്പെടുത്തി.

കൂടാതെ, 'കാഫിർ' എന്ന വാക്കിന്‍റെ ഉപയോഗം സംഘം മോഹൻ ഭാഗവതിന് വിശദീകരിച്ച് നൽകിയത്രെ. ഈ വാക്ക് നിഷ്പക്ഷമാണെങ്കിലും അധിക്ഷേപകരമായി ഉപയോഗിക്കുകയാണെങ്കിൽ അത് നിർത്തുന്നതിൽ സമുദായത്തിന് പ്രശ്‌നമില്ലെന്നും സംഘം പറഞ്ഞു.

'ജിഹാദി'യെന്നും 'പാകിസ്താനി'യെന്നും മുസ്‌ലിംകളെ വിളിക്കപ്പെടുന്നതായ ആശങ്ക അറിയിച്ചത് ആർ.എസ്‌.എസ് തലവൻ നല്ല മനസ്സോടെ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത്തരത്തിൽ വിളിക്കുന്നവർ മുസ്‌ലിംകളുടെ വിശ്വാസ്യതയെ സംശയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞതായി ഖുറൈശി വ്യക്തമാക്കി.

മോഹൻ ഭാഗവത് ഇത്തരത്തിൽ 2019ലും 2021ലും രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായും ഇത്തരത്തിൽ മുസ്‍ലിം നേതാക്കളുമായി ആർ.എസ്.എസ് ​മേധാവി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിലെ മുസ്‍ലിം പള്ളിയിലെത്തി ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷനിലെ പ്രമുഖ പുരോഹിതനായ ഉമർ അഹമദ് ഇല്യാസിയെ കണ്ടിരുന്നു. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഒരു മണിക്കൂർ നീണ്ടു. 

Tags:    
News Summary - Muslim notables who met RSS chief agree not to use Kafir, cooperation in cow slaughter ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.