ഹൈദരാബാദ്: കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിനോടുള്ള അവഗണനയിൽ എൻ.ഡി.എയുടെ പ്രമുഖ സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടി (ടി.ഡി.പി) ഇടയുന്നു. വെള്ളിയാഴ്ച രാവിലെ അടിയന്തര മന്ത്രിസഭയോഗം വിളിച്ച മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്രത്തിനെതിരെ കടുത്ത ആക്രമണം നടത്തി. പാർട്ടി കോ- ഒാർഡിനേഷൻ കമ്മിറ്റി യോഗത്തിൽ നിരവധി നേതാക്കൾ സഖ്യം വിടണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
ജില്ല, യൂനിറ്റ് നേതാക്കളാണ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ബംഗളൂരു, മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിലെ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചപ്പോൾ വിജയവാഡ, വിശാഖപട്ടണം മെട്രോ റെയിലിന് ഒന്നും കിട്ടിയില്ലെന്ന് അവർ പറഞ്ഞു.
പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമാണത്തിന് ഫണ്ട് അനുവദിക്കാത്തതാണ് ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചത്. 2014ൽ വിഭജനത്തിനുശേഷം ഇരു സംസ്ഥാനങ്ങളോടും തുല്യ നീതിയായിരുന്നു ഞങ്ങളുടെ ആവശ്യം, അത് നിരസിക്കപ്പെട്ടുവെന്ന് നായിഡു പറഞ്ഞു.
വിഭജനത്തിനുശേഷം സംസ്ഥാനത്തെ അവഗണിക്കുന്നുവെന്നാരോപിച്ച് ടി.ഡി.പി കേന്ദ്രവുമായി അകൽച്ചയിലാണ്. ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത്് പൊതുവെയും രോഷം പുകയുന്നുണ്ട്. ബി.ജെ.പിനേതാക്കൾക്കെതിരായ വിമർശനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ഇൗയിടെ ചന്ദ്രബാബു നായിഡു മന്ത്രിമാരോടും പാർട്ടിനേതാക്കളോടും അഭ്യർഥിച്ചിരുന്നു. ‘‘ഇതുവരെ ഞങ്ങൾ നിയന്ത്രണം പാലിച്ചു. എന്നാൽ, അവർക്ക് ഞങ്ങളെ വേണ്ട എങ്കിൽ ഞാൻ നമസ്തേ പറയും, എന്നിട്ട് എെൻറ വഴി നോക്കും’’- അദ്ദേഹം മുന്നറിയിപ്പുനൽകി.
2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യം ടി.ഡി.പിക്ക് അത്ര ഗുണകരമായിരുന്നില്ല. പ്രതിപക്ഷത്തെ വൈ.എസ്.ആർ കോൺഗ്രസിെനക്കാൾ രണ്ടുശതമാനം വോട്ടുമാത്രമാണ് ടി.ഡി.പിക്ക് അധികം നേടാനായത്. അതും, തെലുങ്ക് സിനിമാതാരം കെ. പവൻ കല്യാണിെൻറ പ്രചാരണം മൂലം.
2019ലെ തെരഞ്ഞെടുപ്പിൽ കല്യാൺ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കാൻ ചന്ദ്രബാബു നായിഡുവിനുമേൽ സമ്മർദമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.