ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാറിനെതിരെ ബി.ജെ.പി സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടിയുടെ പ്രതിഷേധം. ഇതേത്തുടർന്ന് നടപടികൾ ബഹളത്തിൽ മുങ്ങി; സഭ നിർത്തിവെക്കേണ്ടി വന്നു. ആന്ധ്രപ്രദേശ് വിഭജിച്ച ശേഷമുള്ള ആന്ധ്രക്ക് പുതിയ സംസ്ഥാനമെന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം പ്രത്യേക സഹായം ബജറ്റിൽ അനുവദിക്കാത്തതിൽ ടി.ഡി.പി രോഷത്തിലാണ്. കേന്ദ്രഭരണത്തിൽ പങ്കാളിയായിട്ടും ന്യായമായത് ചോദിച്ചുവാങ്ങാൻ കഴിഞ്ഞില്ലെന്ന പൊതുജന കാഴ്ചപ്പാട് ടി.ഡി.പിയെ കുഴക്കുകയും ചെയ്യുന്നു.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ തുടരുന്ന കാര്യംവരെ പുനരാലോചിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പി ശ്രമിച്ചിരുന്നു. അതിെൻറ പിന്നാലെയാണ് സഭയിലെ ബഹളം. സംസ്ഥാനത്തിെൻറ വികസന വിഷയമെന്ന നിലയിൽ വൈ.എസ്.ആർ കോൺഗ്രസുകാരും സഭയിലെ പ്രതിഷേധത്തിൽ ടി.ഡി.പിക്കൊപ്പം ഇറങ്ങി. 10 എം.പിമാരാണ് നടുത്തളത്തിൽ എത്തിയത്. തലയിൽ ചുവന്ന റിബൺ കെട്ടി കൈമണി കിലുക്കി അവർ പ്രതിഷേധം പ്രകടമാക്കി.
എന്നാൽ, ബഹളം വകവെക്കാതെ സ്പീക്കർ നടപടികൾ മുന്നോട്ടു നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആന്ധ്രയുടെ കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ടെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ സഖ്യകക്ഷി അംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു.
എന്നാൽ, ദിവസം നീണ്ട പ്രതിഷേധത്തിന് പരിപാടിയിെട്ടത്തിയ എം.പിമാർ പിന്മാറിയില്ല. സംസ്ഥാനത്തിെൻറ ആവശ്യത്തിന് പാർലമെൻറിൽ പടവെട്ടിയെന്ന് ബോധ്യപ്പെടുത്താനുള്ള ഒച്ചപ്പാട് അവർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.