ഭോപ്പാല്‍: മധ്യപ്രദേശില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. ദതിയ ജില്ലയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തുടർന്ന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉന്നാവ് പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് യദ് വേന്ദ്ര സിങ് ഗുർജാർ പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയസഹോദരിയാണ് പൊലീസിൽ പരാതി നല്‍കിയത്. നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ തൂങ്ങിമരിക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞതിനുപിന്നാലെയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലമാണ് ദതിയ. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവിന്റെ മകനും പ്രതിയായതോടെ വൻ പ്രതിഷേധമാണുയരുന്നത്. അതേസമയം, പ്രാദേശിക നേതാവിന്റെ മകനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് സുരേന്ദ്ര ബുധോലിയ പ്രതികരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, പൊലീസ് ഇതുവരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബി.ജെ.പി നേതാവിന്റെ മകന്റെ പേര് മൊഴിയിലുണ്ടെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.