വഖഫ് ഭേദഗതി ബിൽ എതിര്‍ക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് എം.പിമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നത്. നിയമനിര്‍മാണ പ്രക്രിയയില്‍ തെറ്റായ രീതിയാണുണ്ടായത്. പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റ് ബിസിനസിലിടാതെ പോര്‍ട്ടലിലാണ് പ്രസിദ്ധീകരിച്ചത്. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന നിയമത്തെ എതിർക്കും. വഖഫ് ബോർഡ് സര്‍ക്കാറിന്റെ ഒരു അടിമയായി മാറുന്നെന്നതാണ് ഭേദഗതിയുടെ ഫലം.

ബില്ലിലൂടെ നിയമപരമായി അധികാരമുള്ള വഖഫ് ബോര്‍ഡിലും വഖഫ് കൗണ്‍സിലിലും തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന ആളുകളെ നിറക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. വഖഫ് സ്വത്തുക്കൾ തങ്ങളുടെ അധികാരത്തിനുള്ളിൽ നിർത്താനുള്ള ബി.ജെ.പിയുടെ കുത്സിത ശ്രമമാണ് ബില്ലിന് പിന്നിലെന്നും ലീഗ് എം.പിമാർ പറഞ്ഞു. ഒരിക്കല്‍ വഖഫ് ചെയ്ത ഭൂമിയില്‍ പിന്നീട് ആരെങ്കിലും അവകാശവാദം ഉന്നയിച്ചുവരുകയാണെങ്കില്‍ അതില്‍ ഇടപെടാനും അതിന്റെ നിയന്ത്രണം സ്ഥാപിച്ചെടുക്കാനും കഴിയുന്ന വിധത്തിലാണ് ബിൽ തയാറാക്കിയിട്ടുള്ളത്.

കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കൈയേറിയിരിക്കുകയാണ്. വലിയ കൈയേറ്റക്കാര്‍ സര്‍ക്കാറാണ്. കൈയേറ്റക്കാർക്ക് ഭൂമി നിഷ്പ്രയാസം സ്വന്തമാക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ നിയമം. വഖഫ് സ്വത്ത്‌ സംബന്ധിച്ച് സർവേ കമീഷണറുടെ അധികാരങ്ങൾ എടുത്തുമാറ്റി അത് കലക്ടർമാർക്ക്‌ കൊടുക്കുകയാണ്. വഖഫ് കൗൺസിലിലുള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നാമനിർദേശം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഘടന. കൗൺസിലിലെ അംഗങ്ങളുടെ യോഗ്യതകളിൽ ഊന്നിപ്പറഞ്ഞിട്ടുള്ളത് രണ്ടുപേർ അമുസ്‍ലിംകളായിരിക്കണമെന്നാണ്. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മതവിശ്വാസി ആകണമെന്നോ അല്ലെങ്കിൽ മുസ്‍ലിം അകണമെന്നോ ബിൽ പറയുന്നില്ല.

സമാന ചിന്താഗതിക്കാരുമായി വിഷയം ചർച്ചചെയ്ത് വരുകയാണ്. ബിൽ പാർലമെന്റിൽ വരുകയാണെങ്കിൽ മുസ്‍ലിംലീഗ് എതിര്‍ത്ത് രംഗത്തിറങ്ങുമെന്ന് പാർട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. എം.പിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, നവാസ് ഗനി, അഡ്വ.ഹാരിസ് ബീരാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ​ങ്കെടുത്തു. 

പുതിയ വഖഫ് നടപടി ക്രമം ഇങ്ങനെ

ഒരു സ്വത്ത് വഖഫായി രജിസ്റ്റർ ചെയ്യാൻ വഖഫ് ബോർഡ് ജില്ല കലക്ടർക്ക് അപേക്ഷ നൽകണം. തുടർന്ന്, ഈ അപേക്ഷയുടെ ആധികാരികതയും സാധുതയും വസ്തുതകളിലെ ശരിതെറ്റുകളും പരിശോധിച്ച് കലക്ടർ ബോർഡിന് റിപ്പോർട്ട് സമർപ്പിക്കണം. തന്റെ പരിശോധനയിൽ സ്വത്ത് പൂർണമായോ ഭാഗികമായോ തർക്കത്തിലുള്ളതോ സർക്കാറിന്റേതോ ആണെങ്കിൽ അത് വഖഫായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല.

ഏതെങ്കിലും ഒരു സർക്കാർ സ്വത്ത് വഖഫ് സ്വത്താണെന്ന വിഷയമുയർന്നാൽ ആ വിഷയം കലക്ടർക്ക് വിടുകയും അദ്ദേഹം തീരുമാനിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്യും. കലക്ടർ റിപ്പോർട്ട് സമർപ്പിക്കും വരെ അത് വഖഫ് സ്വത്തായി പരിഗണിക്കില്ല. സർക്കാർ സ്വത്താണെന്ന് റിപ്പോർട്ട് നൽകിയാൽ അതിനനുസൃതമായി രേഖകൾ ശരിയാക്കി അക്കാര്യവും സർക്കാറിന് റിപ്പോർട്ട് ചെയ്യണം. കലക്ടറുടെ റിപ്പോർട്ട് പ്രകാരം രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാർ വഖഫ് ബോർഡിനോട് നിർദേശിക്കണം.

Tags:    
News Summary - The League will oppose the Waqf Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.