വീണയുടെ മൊഴി രേഖപ്പെടുത്തി, മാസപ്പടി കേസ് റിപ്പോർട്ട് രണ്ടാഴ്ചക്കകം; എസ്.എഫ്.ഐ.ഒ സത്യവാങ്മൂലം ഡൽഹി ​ഹൈകോടതിയിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ അടക്കം 20 പേരെ ചോദ്യം ചെയ്തുകഴിഞ്ഞ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (എസ്.എഫ്.ഐ.ഒ) അന്വേഷണം അന്തിമ ഘട്ടത്തിൽ. വീണ വിജയൻ അടക്കം 20 പേരെ ചോദ്യം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കുമെന്നും കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം വീണ അടക്കമുള്ളവർക്കെതിരെ പ്രൊസിക്യൂഷൻ നടപടി ആവശ്യമു​ണ്ടോ എന്ന കാര്യം കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നും എസ്.എഫ്.ഐ.ഒ ഹെകോടതി അറിയിച്ചു.

എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെയും(ഇ.ഡി) സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെയും(എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനെതിരെ മാസപ്പടി നൽകിയ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡ് സമർപ്പിച്ച ഹരജിയിലാണ് സത്യവാങ്മൂലം. കേസിൽ ഇന്ന് അന്തിമവാദം നടക്കാനിരിക്കേയാണ് കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ ഡൽഹി, ഹരിയാന കമ്പനി രജിസ്ട്രാർ പ്രണയ് ചതുർവേദി എസ്.എഫ്.ഐ.ഒക്ക് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. ​കേസിൽ കക്ഷി ചേരാൻ ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും ഇന്ന് പരിഗണിച്ചേക്കും.

കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള വിവിധ ദിവസങ്ങളിലായി മറ്റു 19 പേരെയും ചോദ്യം ചെയ്തു. ആദായ നികുമതി വകുപ്പിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്.എഫ്.ഐ.ഒക്ക് ലഭിച്ചിട്ടുണ്ട്. നിലവിൽ നടത്തുന്നത് വസ്തുതാന്വേഷണ പ്രക്രിയ ആണെന്നും ഈ റിപ്പോർട്ട് പരിശോധിച്ചായിരിക്കും തുടർ നടപടിയും പ്രെസിക്യൂഷനും ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുകയെന്നും എസ്.എഫ..ഐ.ഒ തുടർന്നു.

സി.എം.ആർ.എൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി.എൽ) ഇ.എസ്.പി.എൽ എന്നീ കമ്പനികൾക്കെതിരെയാണ് അന്വേഷണമെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി. എന്നാൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളടക്കം അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്ന് സി.എം.ആർ.എൽ ആവശ്യപ്പെട്ടിരിക്ക​ുകയാണ്.

Tags:    
News Summary - The statement of Pinarayi Vijayan's daughter Veena was recorded; ; SFIO affidavit in Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.