കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രഹരമേകി ഒരു മന്ത്രികൂടി രാജിവെച്ചു. വനംമന്ത്രി റജിബ് ബാനർജിയാണ് വെള്ളിയാഴ്ച രാജി നൽകിയത്. നിയമസഭയിൽ ദോംജുർ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബാനർജി നേരത്തേ കൈകാര്യം ചെയ്തിരുന്ന ജലസേചന വകുപ്പിൽനിന്ന് നീക്കിയപ്പോൾതന്നെ അസന്തുഷ്ടനായിരുന്നു. അന്നേ രാജി നൽകാൻ ആഗ്രഹിച്ചതാണെങ്കിലും മുതിർന്ന തൃണമൂൽ നേതാക്കൾ തടയുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടിയിലെ ചിലരുടെ നിസ്സഹകരണം മൂലം സാധ്യമായില്ലെന്ന് ഗവർണർ ജഗ്ദീപ് ധൻഖറെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെക്കാണവെ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. പാർട്ടി മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിലർ നടത്തിയ വ്യക്തിഹത്യ വേദനയുണ്ടാക്കിയെന്നും ബാനർജി കൂട്ടിച്ചേർത്തു. തൃണമൂൽ വിട്ട മറ്റു നേതാക്കളെപ്പോലെ എതിർപ്പാളയത്തിൽ ചേക്കേറുമോയെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഗതാഗത മന്ത്രിയായിരുന്ന സുവേന്ദു അധികാരി, സ്പോർട്സ് യുവജനക്ഷേമ മന്ത്രി ലക്ഷ്മി രത്തൻ ശുക്ല എന്നിവരാണ് ഈയിടെ മമത മന്ത്രിസഭയിൽനിന്ന് രാജിവെച്ചൊഴിഞ്ഞത്.
അതിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഒരു എം.എൽ.എയെ തൃണമൂൽ പുറത്താക്കി. ബല്ലി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബൈശാലി ഡാൽമിയക്കെതിരെയാണ് നടപടി. ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ല എന്നായിരുന്നു ഇതേക്കുറിച്ച് ബൈശാലിയുടെ പ്രതികരണം. മമതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇവർ ഈയിടെ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യപ്രസ്താവനകൾ നടത്തിയിരുന്നു.
കൊൽക്കത്ത: സംസ്ഥാന ഭരണം പിടിക്കാൻ കച്ചമുറുക്കുന്നതിനിടെ ബംഗാളിലെ ബി.ജെ.പിയിൽ തമ്മിലടി. വ്യാഴാഴ്ച അഖിലേന്ത്യ പ്രസിഡൻറ് ജെ.പി. നഡ്ഡ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത യോഗം നടക്കുന്നതിനിടെ ചേരിതിരിഞ്ഞ് ഈസ്റ്റ് ബുർദ്വാനിലെ പാർട്ടി ഒാഫിസ് തല്ലിപ്പൊളിച്ച പ്രവർത്തകർ രണ്ട് ട്രക്കുകൾക്കും തീയിട്ടു. പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കിച്ചതോടെ വെസ്റ്റ് ബുർദ്വാനിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, മുതിർന്ന നേതാവ് അരവിന്ദ് മേനോൻ എന്നിവർ പങ്കെടുത്ത മറ്റൊരു യോഗം പാതിവഴിയിൽ നിർത്തി പാർട്ടി ഓഫിസ് അടച്ചിട്ടു.
മറ്റു പാർട്ടികളിൽനിന്നു വന്ന യുവനേതാക്കൾക്ക് സ്ഥാനം നൽകി തങ്ങളെ മൂലക്കിരുത്തിയെന്ന മുറുമുറുപ്പുമായി പഴയ തലമുറ രംഗത്തെത്തിയതോടെയാണ് ഈസ്റ്റ് ബുർദ്വാനിലെ പ്രശ്നങ്ങളുടെ തുടക്കം. യോഗമധ്യേ ഇവരിൽ ചിലർ ഇറങ്ങിപ്പോയി. പിന്നീട് പരസ്പരം തല്ലും കല്ലേറുമായി. ഓഫിസിെൻറ ജനലുകൾ പൂർണമായി തകർന്നു. വൻ പൊലീസ് സംഘമെത്തിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
പുതിയ പ്രവർത്തകർ ബഹുമാനം പുലർത്തുന്നില്ലെന്ന് പാർട്ടി ഓഫിസിൽ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് മുതിർന്ന പ്രാദേശിക നേതാക്കൾ പറയുന്നു. ബി.െജ.പിയുടെ പ്രതിച്ഛായ തകർക്കാൻ തൃണമൂൽ ആസൂത്രണം ചെയ്ത സംഘർഷമാണെന്നാണ് സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.