ചണ്ഡീഗഡ്: പഞ്ചാബ് ഒരു ദിവസം വിദേശ തൊഴിലാളികളെ ആകർഷിക്കുമെന്ന മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ അവകാശവാദത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ്.
സംസ്ഥാനത്തെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത സർക്കാരാണ് വിദേശികൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ് കുമാർ വെർക്ക ആരോപിച്ചു. സൗജന്യ പദ്ധതികളുടെ പേരിൽ ആം ആദ്മി സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജോലിക്കു വേണ്ടി കരയുന്ന പഞ്ചാബിലെ ജനങ്ങൾക്ക് നിങ്ങൾ ജോലി നൽകിയോ? നിങ്ങൾ വാഗ്ദാനം ചെയ്ത 300 സൗജന്യ വൈദ്യുതി യൂനിറ്റുകൾ എവിടെ? പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും വാഗ്ദാനം ചെയ്ത 1000 രൂപ എവിടേയെന്നും അദ്ദേഹം ചോദിച്ചു.
വിദേശത്ത് നിന്ന് ജോലിക്കെത്തുന്നവർക്കും സർക്കാർ 1000 രൂപയും സൗജന്യ വൈദ്യുതി നൽകുമോയെന്നും വെർക്ക ചോദിച്ചു. ഇതൊരു കോമഡി സർക്കസല്ലെന്നും കാര്യങ്ങളെ ഗൗരവമായി കാണണമമെന്നും കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകി.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജോലി സാധ്യതകൾ വർധിപ്പിക്കുമെന്നും വിദേശികളെ പഞ്ചാബിലേക്ക് ജോലി തേടി വരുന്ന തരത്തിൽ വികസനങ്ങൾ കൊണ്ടുവരുമെന്നും മാൻ വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.