ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച കേസിൽ ചിദംബരം നടരാജർ ക്ഷേത്രത്തിലെ മൂന്നു പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെ ദീക്ഷിതർമാർ റോഡ് തടഞ്ഞു. പ്രശസ്തമായ ചിദംബരം ക്ഷേത്രത്തിന്റെ ഭരണവും പൂജാകർമങ്ങളും നടത്തുന്ന പ്രത്യേക ബ്രാഹ്മണ പുരോഹിത വിഭാഗമാണ് ദീക്ഷിതർ.
ഈയിടെ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ഹേമചന്ദ്ര ദീക്ഷിതർ 15 വയസ്സുള്ള മകളെ രാജരത്നം ദീക്ഷിതർക്ക് വിവാഹം കഴിച്ചുകൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടലൂർ ജില്ല സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദീക്ഷിതർ സംഘടന സെക്രട്ടറി കൂടിയായ ഹേമചന്ദ്ര, രാജരത്നം, രാജരത്നത്തിന്റെ പിതാവ് വെങ്കടേശ്വരർ എന്നിവരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
നേരത്തെ ഇതേ ക്ഷേത്രത്തിൽ നാല് ബാലികമാരെ വിവാഹം കഴിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് ദീക്ഷിതർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.