ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മെറ്റിയോറളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ ഗോപാൽപൂരിനും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും മധ്യേയാണ് ചുഴലിക്കാറ്റ് കരയണയുന്നത്. ഈ സമയത്ത് മണിക്കൂറിൽ 145 കിലോമീറ്റർ വേഗത കാറ്റിനുണ്ടാകും.
ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും നിലകൊള്ളുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രത പ്രാപിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്ലി കനത്ത നാശം വിതക്കാനിടയുള്ളത്. ചുഴലിക്കാറ്റിന് പാകിസ്താൻ നൽകിയ ‘തിത്ലി’ എന്ന പേരിെൻറ അർഥം ചിത്രശലഭമെന്നാണ്.
അതേസമയം, തിത്ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.