മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീട് അന്വേഷിച്ച ടൂറിസ്റ്റ് പിടിയിൽ. നവി മുംബൈയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുരേഷ് വിസൻജി പേട്ടൽ എന്ന യുവാവാണ് പിടിയിലായത്. സംശയിക്കത്തക്ക കാര്യങ്ങൾ ഒന്നും ഇയാളിൽനിന്നും കണ്ടെടുക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
രണ്ടുപേർ അംബാനിയുടെ വീടിന്‍റെ വിവരങ്ങൾ തിരക്കിയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് മുംബൈയിലുള്ള അംബാനിയുടെ ബഹുനില മാളികയായ ആന്‍റിലിയക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെയാണ് സുരേഷ് വിസൻജി പേട്ടൽ അറസ്റ്റിലാകുന്നത്.
വലിയ ബാഗുകളുമായി എത്തിയ രണ്ടുപേർ അംബാനിയുടെ വിലാസം അന്വേഷിച്ചതായി ടാക്സി ഡ്രൈവറാണ് പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങൾക്ക് മുമ്പ് 20 ജലാറ്റിൻ സ്റ്റിക്കുകൾ അടക്കം സ്േഫാടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ അംബാനിയുടെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കാറിന്‍റെ ഉടമ മൺസൂഖ് ഹിരനെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുതിർന്ന പൊലീസ് ഓഫിസർ സച്ചിൻ വാസെ കേസിൽ അറസ്റ്റിലായിരുന്നു. കേസ് നിലവിൽ എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. മുംബൈയിൽ 400,000 സ്ക്വയർ ഫീറ്റിൽ 27 നിലകളുള്ള ആന്‍റിലിയ എന്ന വീട്ടിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.