അങ്കാറ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി തുർക്കിയും. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എ.കെ പാർട്ടി) ആണ് പ്രവാചകനിന്ദയെ അപലപിച്ചത്. ഇന്ത്യയിൽ വർധിച്ചു വരുന്ന ഇസ്ലാമോഫോബിയ ചെറുക്കാൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.കെ പാർട്ടി വക്താവ് ഉമർ സെലിക് ആവശ്യപ്പെട്ടു.
"ഇന്ത്യയിലെ ഭരണകക്ഷിയിൽ (ബി.ജെ.പി) നിന്നുള്ള പ്രവാചകനെ അപമാനിക്കുന്ന പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത് ഇന്ത്യയിലെ മുസ്ലിംകൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും അപമാനമാണ്. ഇസ്ലാമോഫോബിയ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുസ്ലിംകളുടെ മതസ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും കരുതുന്നു"- ഉമർ സെലിക് ചൂണ്ടിക്കാട്ടി.
പ്രവാചകനിന്ദ നടത്തിയ നേതാക്കളെ പാർട്ടി പദവയിൽ നിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഉമർ സെലിക് കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ രണ്ടു പ്രമുഖ നേതാക്കൾ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് നിരവധി രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും രംഗത്തു വന്നിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു.
ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മോദി സർക്കാറിന്റെ ഭാഗത്തു നിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചതായി ബി.ജെ.പി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നൂപുർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. താണെ ജില്ലയിലെ മുംബ്ര പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നൂപുർ ശർമക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.