മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്കത്ത് ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് സമർപ്പിക്കുന്നു

ഉദ്ധവ് താക്കറെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്കത്ത് ഗവർണർ ഭഗത് സിങ്  കോശിയാരിക്ക് സമർപ്പിച്ചു. മുംബൈ രാജ്ഭവനിൽ എത്തിയായിരുന്നു രാജി സമർപ്പണം. ഗവർണർ രാജിക്കത്ത് സ്വീകരിക്കുകയും ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മകൻ ആദിത്യ താക്കറെ ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ പത്തുദിവസമായി തുടരുന്ന 'മഹാ'രാഷ്ട്രീയ നാടകത്തിന് ഇതോടെ ക്ലൈമാക്സായി. ഗത്യന്തരമില്ലാതെ ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി രാജിവെച്ചത്. വ്യാഴാഴ്ച വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത്സിങ് കോശിയാരി നൽകിയ നിർദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ശിവസേന അധ്യക്ഷൻ കൂടിയായ ഉദ്ധവ് താക്കറെ രാജിവെച്ചത്. 38 വിമത എം.എൽ.എമാർ നിലപാട് കടുപ്പിച്ചതോടെ ഇന്ന് വിശ്വാസവോട്ടിൽ പരാജയം ഉറപ്പായിരുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ രാത്രി 9.30ന് ഫേസ്ബുക്കിലൂടെയാണ് ഉദ്ധവ് രാജിപ്രഖ്യാപനം നടത്തിയത്. ലെജിസ്ലേറ്റിവ് കൗൺസിൽ അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.

സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 169 പേരുടെ പിന്തുണയിൽ നിലവിൽവന്ന ഉദ്ധവ് സർക്കാറിന്റെ അംഗബലം വിമതനീക്കത്തോടെ 111ലേക്ക് താണിരുന്നു. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്തുള്ളത്. നിലവിൽ സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിയുടെ അംഗബലം. വിമതരും എം.എൻ.എസും പിന്തുണക്കുന്നതോടെ അത് 165 ആയി ഉയരും. ബി.ജെ.പിക്കാവും ഭരണത്തിനുള്ള അടുത്ത അവസരം. ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യനാകും.

രണ്ടുവർഷവും 213 ദിവസവും നീണ്ട മഹാവികാസ് അഘാഡി ഭരണത്തിനാണ് ബുധനാഴ്ച രാത്രി അന്ത്യമായത്. മുന്നണിയിലെ പ്രമുഖ കക്ഷികളായ കോൺഗ്രസിനും എൻ.സി.പിക്കും നന്ദി പറഞ്ഞ ഉദ്ധവ്, വിമതർക്കെതിരെ ആഞ്ഞടിച്ചു. ബുധനാഴ്ച വൈകീട്ട് വിളിച്ച മന്ത്രിസഭ യോഗത്തിൽ മുഖ്യനെന്ന നിലയിൽ അവസാന മന്ത്രിസഭ യോഗമാണെന്ന സൂചന ഉദ്ധവ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ എല്ലാവർക്കും നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

ബുധനാഴ്ച വൈകീട്ട് ഗുവാഹതിയിൽനിന്ന് ഗോവയിലെത്തിയ വിമതർ വ്യാഴാഴ്ച രാവിലെ മുംബൈയിൽ എത്തും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ ഗുവാഹതിയിൽ ചൊവ്വാഴ്ച ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവർണർ കോശിയാരി മഹാ അഘാഡി സർക്കാറിനോട് വ്യാഴാഴ്ച വിശ്വാസ വോട്ടു തേടാൻ ആവശ്യപ്പെട്ടത്.

വിമത എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നോട്ടീസിൽ നടപടി അടുത്ത മാസം 12 ലേക്ക് സുപ്രീം കോടതി നീട്ടിയിരിക്കെ വിശ്വാസവോട്ട് തേടാനുള്ള ഗവർണറുടെ നിർദേശത്തെ ചോദ്യം ചെയ്താണ് ശിവസേന സുപ്രീംകോടതിയെ സമീപിച്ചത്. ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് കോടതിയിലെത്തിയത്. സമയം നീട്ടിനൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഭരണ പ്രതിസന്ധി പെട്ടെന്ന് അവസാനിപ്പിക്കാനും കുതിര കച്ചവട സാധ്യത തടയാനും പെട്ടെന്ന് വിശ്വാസവോട്ട് തേടുന്നതാണ് ഉചിതമെന്ന വിമതരുടെ അഭിഭാഷകന്റെ വാദമാണ് കോടതി അംഗീകരിച്ചത്.

Tags:    
News Summary - Uddhav Thackeray submits resignation letter to Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.