ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും ഡി.എം.കെയുടെ യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജന ക്ഷേമം, കായിക വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഉദയനിധിക്ക് ലഭിച്ചത്. രാജ്ഭവനിലെ ദർബാർ ഹാളിൽ ബുധനാഴ്ച രാവിലെ 9.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലി നൽകി. ഡി.എം.കെയുടെ ചെപ്പോക്കില്‍നിന്നുള്ള എം.എൽ.എയാണ് ഉദയനിധി.
മുഖ്യമന്ത്രി സ്റ്റാലിൻ, കനിമൊഴി എം.പി, ദയാനിധി മാരൻ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് പിന്നാലെ പിതാവ് സ്റ്റാലിനോട് നന്ദിപറഞ്ഞ ഉദയനിധി ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കുമെന്നും ട്വീറ്റ് ചെയ്തു. ഉദയനിധിയുടെ വരവോടെ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആയി ഉയർന്നു.
2019 മുതൽ ഡി.എം.കെയുടെ യൂത്ത്‍വിങ് സെക്രട്ടറിയാണ് ഉദയനിധി. സ്റ്റാലിനും 1982 മുതൽ 2017 വരെ ഈ പദവി വഹിച്ചിരുന്നു. 2021ലാണ് ആദ്യമായി ഉദയനിധി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പ് പാർട്ടിയുടെ മുഖ്യ പ്രചാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.