ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വഴി രാജ്യം ഭീതിയുടെയും ആശങ്കയുടെയും നെരിപ്പോടിൽ. അതേസമയം, സംസ്ഥാനത്തെ പടപ്പുറപ്പാടിെൻറ കാര്യത്തിൽ കേന്ദ്രസർക്കാർ തികഞ്ഞ മൗനത്തിൽ. അമർനാഥ് തീർഥാടന പാതയിൽ പാക്നിർമിത കുഴിബോംബുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന വിവരം കൈമാറി, കശ്മീർ താഴ്വരയിൽനിന്ന് സഞ്ചാരികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും അമർനാഥ് യാത്ര നിർത്തിവെച്ച് തീർഥാടകരെ പാതിവഴിയിൽ മടക്കിയയക്കുകയുമാണ് സർക്കാർ കഴിഞ്ഞ ദിവസം ചെയ്തത്.
അതിനു മുമ്പുതന്നെ 35,000 ത്തോളം വരുന്ന അർധസേനയെക്കൂടി കശ്മീരിൽ കേന്ദ്രം വിന്യസിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള ഉൗഹാപോഹങ്ങൾ കൂടിയായതോടെ കശ്മീർ ജനത വലിയ ഭീതിയിലാണ്. 25,000ത്തോളം വരുന്ന സഞ്ചാരികൾ വിമാനത്താവളത്തിൽ മടങ്ങാൻ തിരക്കുകൂടി തടിച്ചുകൂടി. അടുത്ത ദിവസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അറിയാതെ പാൽ മുതൽ പെട്രോൾ വരെ വാങ്ങാനുള്ള പരക്കംപാച്ചിൽ മറുവശത്ത്്. ഇതിനെല്ലാമിടയിൽ, അതിർത്തിയിൽ പാക് പ്രകോപനമുണ്ടെന്ന് സൈന്യം വിശദീകരിക്കുകയും ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനെക്കുറിച്ച ചർച്ചകൾ മുറുകുന്നതിനിടെയാണ് പൊടുന്നനെ സാഹചര്യങ്ങൾ മാറിയത്. കൂടുതൽ സേനയെ വിന്യസിച്ചത് കശ്മീരിൽ പിടിമുറുക്കാനുള്ള മോദിസർക്കാറിെൻറ പുതിയ നീക്കമായി ജനം കാണുന്നു. സംസ്ഥാനത്തിനു പ്രത്യേക പദവിയും ജനങ്ങൾക്ക് പ്രത്യേക പരിരക്ഷയും നൽകുന്ന ഭരണഘടനയുടെ 370, 35-എ വകുപ്പുകൾ നീക്കം ചെയ്യാനുള്ള ഒരുക്കമാണ് സർക്കാർ നടത്തുന്നതെന്ന് ഉൗഹാപോഹം പരന്നു. ജമ്മു-കശ്മീരിനെ മൂന്നു മേഖലകളായി വിഭജിക്കാനുള്ള നീക്കത്തിലാണ് സർക്കാർ എന്നതാണ് നിലനിൽക്കുന്ന മറ്റൊരു സംശയം.
ഭരണഘടന ഭേദഗതികളെക്കുറിച്ച ആശങ്കകൾ അസ്ഥാനത്താണെന്ന് ജമ്മു-കശ്മീർ ലഫ്. ഗവർണർ സത്യപാൽ മലിക് ആവർത്തിക്കുന്നുണ്ട്. അടിയന്തര നടപടികൾ ആവശ്യപ്പെടുന്ന സാഹചര്യമുള്ളതുകൊണ്ടാണ് സുരക്ഷാ നടപടികളെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരും അമർനാഥ് യാത്രയും സമാധാനപരമാണെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞത് പാഴ്വാക്കായതിനാൽ ഇത് അതേപടി വിശ്വസിക്കപ്പെടുന്നില്ല. പാർലമെൻറ് സമ്മേളിക്കുന്ന സമയമായിട്ടു കൂടി, ജമ്മു-കശ്മീരിൽ ഉരുണ്ടുകൂടിയ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രം പാർലെമൻറിലോ പുറത്തോ ഒന്നും പറഞ്ഞിട്ടില്ല. പാർലമെൻറിൽ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്ന വിധം സർക്കാർ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു.
അമർനാഥ് യാത്ര നിർത്തിവെച്ച് തീർഥാടകരോടും സഞ്ചാരികളോടും മടങ്ങാൻ നിർദേശിക്കുന്ന സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാൻ സർക്കാർ തയാറാകണമെന്നും ഭരണഘടനാ വ്യവസ്ഥകളിൽ തൊട്ടുകളിക്കരുതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.