മോദിക്ക് ജയ് വിളിക്കാതെ ഇന്ത്യൻ വിദ്യാർഥികൾ - വിഡിയോ വൈറൽ

'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും 'മാനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത യു​ക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ വിഡിയോ വൈറലായി. യുദ്ധം രൂക്ഷമായ യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാർഥികളെ സൈനിക വിമാനത്തിൽ വെച്ച് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു.

ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ 'മനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. വീണ്ടും ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ അവർ ജയ് വിളിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ഈ വിഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യുക്രെയ്ൻ രക്ഷാപ്രവർത്തനത്തെ കേന്ദ്ര സർക്കാർ പി.ആർ പ്രവർത്തനമാക്കിയെന്നാണ് പലരും വിമർശിക്കുന്നത്.

വിദ്യാർഥികൾക്ക് ഭക്ഷണം ഒരുക്കിയത് താനാണ്, താങ്കളല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് റൊമാനിയൻ മേയർ പറയുന്ന വിഡിയോയും നേരത്തെ വൈറലായിരുന്നു. യുക്രെയ്നിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ റൊമാനിയൻ മേയർ നിർത്തിപ്പൊരിക്കുകയായിരുന്നു.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്. യുക്രെയിനിൽനിന്നെത്തിയവർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയർ ഇടപെട്ടത്. മറ്റ് വിഷയങ്ങൾ സംസാരിക്കാതെ എപ്പോൾ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്ന് ആവശ്യപ്പെട്ടു മേയർ.

ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്നും അക്കാര്യം താൻ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയർ നിയന്ത്രണംവിട്ട് കയർത്തത്. വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.

'ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല' -ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം.

ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കൂവെന്ന് കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു. ഇത് യുദ്ധമേഖലയാണെന്നും നാടകവേദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റിൽ സൂചിപ്പിച്ചു. യുക്രെയ്നിൽനിന്ന് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.

ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി സിന്ധ്യയടക്കം നാല് മന്ത്രിമാരെ കേന്ദ്ര സർക്കാർ യുക്രെയ്ന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് അയച്ചിരുന്നു. ഹർദീപ് പുരി, കിരൺ റിജിജു, വി.കെ സിങ് എന്നിവരാണ് സംഘത്തിലുള്ള മറ്റു മന്ത്രിമാർ.

ഇതുവരെ 18,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയുടെ ഭാഗമായി 30 വിമാനങ്ങളിലായി 6,400 ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഇതുവരെ തിരികെയെത്തിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന് ക്രമീകരിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു.


Tags:    
News Summary - Union Minister calls for Jai for Modi; Silent Indian Students - Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.