ന്യൂഡൽഹി: രാജ്യത്ത് എഞ്ചിനീയറിങ്, ബിരുദാനന്തര ബിരുദധാരികൾ കൂടുതൽ പേർ ജയിലിൽ കഴിയുന്ന സംസ്ഥാനം ഉത്തർപ്രദേശ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ എഞ്ചിനീയറിങ്, ബിരുദാനന്തര ബിരുദധാരികളായ 9,022 പേരാണ് ജയിലുകളിൽ കഴിയുന്നത്. ഇതിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർ 3740ഉം ബിരുദാനന്തര ബിരുദധാരികൾ 5282ഉം ആണ്. യു.പിയിൽ 727 എഞ്ചിനീയർമാരും 2010 ബിരുദാനന്തര ബിരുദധാരികളുമടക്കം 2737 പേരാണ് ജയിലുകളിലുള്ളത്.
യു.പിക്കു പിന്നിൽ മഹാരാഷ്ട്രയും കർണാടകയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിൽ 495 എഞ്ചിനീയറിങ് ബിരുദധാരികളും 562 ബിരുദാനന്തര ബിരുദധാരികളും അഴികൾക്കുള്ളിലുണ്ട്. കർണാടകയിൽ ഇത് യഥാക്രമം 362ഉം 120ഉം ആണ്.
എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം രാജ്യത്ത് 3,30,487 പേരാണ് ജയിലുകളിലുള്ളത്. ഇതിൽ 1.67 ശതമാനം പേർ ബിരുദാനനന്തര ബിരുദധാരികളും 1.2 ശതമാനം പേർ എഞ്ചിനീയറിങ് ബിരുദം നേടിയവരുമാണ്. ഉത്തർപ്രദേശിൽ 'വിദ്യാസമ്പന്നരായ' പ്രതികളിൽ അധികവും ബലാത്സംഗക്കേസുകളിലും സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണങ്ങളിലും ശിക്ഷിക്കപ്പെട്ടവരാണ്. ജയിലിൽ കഴിയുന്ന എഞ്ചിനീയർമാരുടെ സാങ്കേതിക ജ്ഞാനം ജയിലിലെ ടെക്നോളജി സംബന്ധമായ കാര്യങ്ങളുടെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് യു.പി ജയിൽ ഡി.ജി.പി ആനന്ദ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.