നാഗ്പുർ: ഡ്രോണുകളുടെ ഉപയോഗം ഒരു വർഷത്തിനുള്ളിൽ ഗ്രാമീണ കാർഷിക മേഖലയിൽ മാത്രം 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കൃഷിയെ കുറിച്ചുള്ള വാർഷിക ഉച്ചകോടിയായ ആഗ്രോവിഷന്‍റെ സമാപന ചടങ്ങിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിലെ വിവിധ അവസരങ്ങളെക്കുറിച്ച് സംസാരിച്ച ഗഡ്കരി, കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗത്തെ കുറിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ എന്നിവരുമായി ചർച്ച ചെയ്തതായും സൂചിപ്പിച്ചു.
'ഡ്രോണുകളിൽനിന്ന് കീടനാശിനികൾ തളിക്കുന്നതിന് അവ പ്രവർത്തിപ്പിക്കാൻ പൈലറ്റുമാരെ ആവശ്യമാണ്. ഇത് വലിയ തൊഴിൽ സാധ്യതകൾക്ക് വഴി തെളിയിക്കും' -ഗഡ്കരി പറഞ്ഞു.
'ഡ്രോണുകൾ 1.5 ലക്ഷം രൂപക്ക് താഴെ ലഭിക്കും. തന്‍റെ ഫാമിൽ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. കർഷകർ കീടനാശിനികളുടെ ഉപയോഗം കുറക്കുകയും വേണം' -ഗഡ്കരി കൂട്ടിച്ചേർത്തു.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഡിസംബർ 24ന് നാല് ദിവസത്തെ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. കീടനാശിനികൾ തളിക്കാനുൾപ്പെടെ കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗത്തിനായി മാനദണ്ഡങ്ങൾ കൃഷി മന്ത്രി പുറത്തിറക്കിയിരുന്നു. ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഇത് കർഷകർക്ക് ഗുണം ചെയ്യുമെന്നും തോമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.