ന്യൂഡൽഹി: വൈദ്യുതിവിതരണത്തിൽ സ്വകാര്യമേഖലക്ക് സമ്പൂർണ അവകാശം അനുവദിക്കുകയും നിരക്കുവർധനവിന് ഇടയാക്കുകയും ചെയ്യുന്ന വൈദ്യുതിനിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനും തൊഴിലാളി സംഘടനകളുടെ ദേശവ്യാപക പണിമുടക്കിനും ഇടയാക്കിയ ബിൽ വിശദ പഠനത്തിന് പാർലമെന്റ് സ്ഥിരംസമിതിക്ക് വിട്ടു. വൈദ്യുതിവിതരണ മേഖലയിൽ എല്ലാവർക്കും 'വിവേചനരഹിതമായ' പ്രവേശനം അനുവദിക്കുന്ന ബിൽ ഊർജമന്ത്രി ആർ.കെ. സിങ്ങാണ് പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഉത്കണ്ഠ മുൻനിർത്തി വിപുലമായ കൂടിയാലോചന നടത്താൻ ഉദ്ദേശിക്കുന്നതിനാൽ ബിൽ സ്ഥിരംസമിതിക്ക് വിടാൻ മന്ത്രി തന്നെയാണ് സ്പീക്കർ ഓം ബിർലയോട് നിർദേശിച്ചത്. കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരി, മനീഷ് തിവാരി, ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, സി.പി.എമ്മിലെ എ.എം. ആരിഫ്, തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ്, ഡി.എം.കെ നേതാവ് ടി.ആർ. ബാലു തുടങ്ങിയവർ ബില്ലിനെ എതിർത്തു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള വൈദ്യുതിമേഖല സമാവർത്തി പട്ടികയിലാണെന്നിരിക്കെ, ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങൾക്ക് നിരക്കാത്തവിധം സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന ബില്ലാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. ബിൽ കൊണ്ടുവരുന്നതിനുമുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചില്ല. ഒരു പ്രദേശത്തുതന്നെ പല സ്വകാര്യ കമ്പനികളെ വൈദ്യുതിവിതരണ ചുമതല ഏൽപിക്കാൻ അനുവദിക്കുന്ന നിയമനിർമാണം ലാഭം സ്വകാര്യവത്കരിക്കാനും നഷ്ടം ദേശസാൽക്കരിക്കാനുമാണ് വഴിയൊരുക്കുക. വൈദ്യുതിവിതരണത്തിലെ ഉത്തരവാദിത്തങ്ങളിൽനിന്ന് കേന്ദ്രം തലയൂരുന്നതുകൂടിയാണ് നിയമഭേദഗതി.
കർഷകപ്രക്ഷോഭം നയിച്ച സംയുക്ത കിസാൻ മോർച്ചക്ക് വൈദ്യുതിനിയമ ഭേദഗതി നിർദേശങ്ങൾ മരവിപ്പിക്കുമെന്ന് സർക്കാർ വാക്കുനൽകിയിരുന്നു. കർഷകർക്ക് സൗജന്യവൈദ്യുതി നൽകുന്ന തമിഴ്നാട്ടിൽ നിയമം വന്നാൽ അത് നിർത്തലാക്കേണ്ടിവരും. അതേസമയം, സബ്സിഡി പിൻവലിക്കില്ലെന്നും കർഷകക്ഷേമം മുൻനിർത്തിയാണ് ബില്ലെന്നും ഊർജമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ, പ്രതിപക്ഷം അംഗീകരിച്ചില്ല.
ബിൽ അവതരിപ്പിക്കാനുള്ള പ്രമേയം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. നടുത്തളത്തിൽ സമരം തുടരുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്യാനാവില്ലെന്നായിരുന്നു ഓം ബിർളയുടെ നിലപാട്. മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ തുടർന്ന പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.