രാഹുൽ ഗാന്ധിയുടെ ഈ ചോദ്യത്തിന് ഉത്തരം കാണാൻ മോദി എടുത്തത് 6 വർഷം, 6 മാസം, 10 ദിവസം -പവൻ ഖേര

ന്യൂഡൽഹി: 2,000 രൂപ പുറത്തിറക്കിയ നടപടിയിലെ യുക്തിരാഹിത്യം ചോദ്യം ​​ചെയ്ത രാഹുൽ ഗാന്ധിക്ക് മറുപടി കണ്ടെത്താൻ ‘വിശ്വഗുരു’ മോദി ആറു വർഷവും ആറു മാസവും പത്തു ദിവസവും എടുത്തതായി കോൺഗ്രസ് മീഡിയ -പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തി​ന്റെ പരിഹാസം.

‘1000 രൂപ നോട്ടുകൾക്ക് പകരം 2000 രൂപ നോട്ടുകൾ പുറത്തിറക്കിയാൽ കള്ളപ്പണം പൂഴ്ത്തിവെക്കുന്നത് എങ്ങനെയാണ് തടയാൻ കഴിയുക’ എന്ന് നോട്ട് നിരോധനത്തിന്റെ തൊട്ടുത്ത ദിവസമായ 2016 നവംബർ ഒമ്പതിന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. പ്രധാനമന്ത്രിയോട് ഒരു ചോദ്യം എന്ന മുഖവുരയോടെയായിരുന്നു ഈ ട്വീറ്റ്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് പവൻ ഖേര ഇന്ന് മോദിക്കെതിരെ രംഗത്തുവന്നത്.

‘(രാഹുൽ ഗാന്ധി അന്ന് ഉന്നയിച്ച) ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വിശ്വഗുരു ആകെ ആറു വർഷവും ആറു മാസവും പത്തു ദിവസവും എടുത്തു’ എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്.

2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന റിസർവ് ബാങ്ക് അറിയിപ്പ് വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവന്നത്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു.

2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്.

2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂർത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആർ.ബി.ഐ പറയുന്നു.

2016 നവംബർ എട്ടിന് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകൾ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്‍റെയും കള്ളപ്പണത്തിന്‍റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം.

Tags:    
News Summary - Vishwaguru took six years, six months and ten days to find the answer to this question -Pawan Khera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.