ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിയ കേന്ദ്രസർക്കാറിന്‍റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചവരെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഹരജിയിലൂടെ സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജി ഫെബ്രുവരി ആറിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചതിന് പിന്നാലെയാണ് നിയമമന്ത്രിയുടെ ട്വീറ്റ്.
'ആയിരക്കണക്കിന് സാധാരണക്കാർ നീതിക്കായി കാത്തിരിക്കുമ്പോഴും തിയതികൾ തേടുമ്പോഴും കോടതിയുടെ വിലയേറിയ സമയം ഇങ്ങനെയാണ് ഇവർ പാഴാക്കുന്നത്-റിജിജു ട്വീറ്റ് ചെയ്തു.' മാധ്യമപ്രവർത്തകൻ എൻ. റാം, പ്രശാന്ത് ഭൂഷൺ, തൃണമൂൽ എം.പി മഹുവ മൊയിത്ര എന്നിവരെ ടാഗ് ചെയ്തു കൊണ്ടുള്ള ലൈവ് ലോയുടെ ട്വീറ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ബി.ബി.സി ഡോക്യുമെന്‍ററി സമൂഹമാധ്യമങ്ങളിലടക്കം വിലക്കിയ നടപടിക്കെതിരെ അഭിഭാഷകനായ എം.എൽ. ശർമയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കിയതിനെതിരെ എൻ. റാമും പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ പി.എസ്. നരസിംഹ, ജെ.ബി.പർദിവ വാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.