ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നതിനിടെ ജലക്ഷാമവും രൂക്ഷമാകുന്നു. ശുദ്ധജലത്തിന്റെ ഉപഭോഗവും പാഴാക്കലും നിരീക്ഷിക്കാനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ജല ബോർഡ് സി.ഇ.ഒയ്ക്ക് മന്ത്രി അതിഷി നിർദേശം നൽകി. കുടിവെള്ളം പാഴാക്കുന്നവരിൽനിന്നും വീടുകളിലെ ആവശ്യത്തിനു നൽകുന്ന ജലം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവരിൽനിന്നും 2,000 രൂപ പിഴയീടാക്കാനും നിർദേശമുണ്ട്.
പൈപ്പ് ഉപയോഗിച്ച് കാർ കഴുകൽ, വാട്ടർ ടാങ്കുകൾ നിറഞ്ഞു കവിയൽ, കുടിവെള്ളം നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ജലം പാഴാക്കലായി കണക്കാക്കും. ചില മേഖലകളിൽ ജലവിതരണം തടസപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ടു നേരം കുടിവെള്ളമെത്തിക്കുന്നയിടങ്ങളിൽ ജലക്ഷാമം പരിഹരിക്കപ്പെടുന്നതുവരെ ഒരു നേരം മാത്രമേ ജല വിതരണം ഉണ്ടാവുകള്ളൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹരിയാന സർക്കാർ ഡൽഹിക്ക് ഈ മാസത്തെ ജല വിഹിതം നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിഷി പറഞ്ഞിരുന്നു. ഹരിയാന സർക്കാരുമായി ചർച്ച നടക്കുന്നുണ്ടെന്നും ആവശ്യത്തിന് ജലം നൽകാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. അതേസമയം വേനലിലേക്കുള്ള ജലം സംഭരിക്കാനുള്ള നടപടി സ്വീകരിക്കാൻ എ.എ.പി സർക്കാർ തയാറാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
പകൽ സമയത്ത് 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് നിലവിൽ ഡൽഹിയിലെ താപനില. 30 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. സാധാരണയേക്കാൾ 2.8 ഡിഗ്രി കൂടുതലാണിത്. മേഖലയിൽ ഏതാനും ദിവസങ്ങൾ കൂടി ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.