ചെന്നൈ: ‘നിർമലാമ്മാ തമിഴ്നാട്ടുക്ക് എട്ടിയെ പാക്കില്ലെയെ... (നിർമലാമ്മ തമിഴ്നാട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ലല്ലോ) എന്ന ചോദ്യമാണിപ്പോൾ സംസ്ഥാനത്തെ ബി.ജെ.പി കേന്ദ്രങ്ങളിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തമിഴ്നാട്ടിൽ പാർട്ടി പരിപാടികളിലും ഒൗദ്യോഗിക ചടങ്ങുകളിലും പതിവായി എത്തിയിരുന്ന നിർമല സീതാരാമനെ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയിട്ടും കാണാതായപ്പോഴാണ് പ്രവർത്തകരിൽ സംശയമുയരുന്നത്.
തമിഴ്നാട്ടിൽ ബി.ജെ.പി 20 സീറ്റിലാണ് മത്സരിക്കുന്നത്. ഇതിന് പുറമെ മറ്റു ചെറുകക്ഷികളുടെ നാല് സ്ഥാനാർഥികൾ ബി.ജെ.പിയുടെ ‘താമര’ ചിഹ്നത്തിൽ ജനവിധി തേടുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം സ്ഥാനാർഥികളുമായി. തമിഴിസൈ സൗന്ദരരാജൻ, പൊൻരാധാകൃഷ്ണൻ, കെ. അണ്ണാമലൈ, എൽ. മുരുകൻ തുടങ്ങിയവരും ഇതിലുൾപ്പെടും. ഈ നേതാക്കളുടെ മണ്ഡലങ്ങളിൽ കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ ഇവർക്ക് സംസ്ഥാനത്തിെൻറ ഇതരഭാഗങ്ങളിലേക്ക് പ്രചാരണത്തിന് പോകാനും കഴിയുന്നില്ല.
തമിഴിൽ അത്യാവശ്യം നന്നായി പ്രസംഗിക്കാൻ കഴിവുള്ള നിർമല സീതാരാമൻ ഇത്തവണ പ്രചാരണരംഗത്ത് സജീവമാകുമെന്നാണ് പാർട്ടി പ്രവർത്തകർ പ്രതീക്ഷിച്ചത്. മധുര സ്വദേശിനിയായ ഇവർ തിരുച്ചി, ചെന്നൈ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി ഡൽഹിയിലേക്ക് കുടിയേറുകയായിരുന്നു. പാർട്ടി വക്താവെന്ന നിലയിൽ ശോഭിച്ചതാണ് നിർമല സീതാരാമനെ അധികാരസ്ഥാനങ്ങളിലെത്തിച്ചത്.
കേന്ദ്ര സർക്കാറിലും ബി.ജെ.പി ആസ്ഥാനത്തും ഭാരിച്ച ചുമതലകളുള്ളതിനാലാണ് അവർ സജീവ പ്രചാരണത്തിന് വരാത്തതെന്നും ചാനലുകളിലും മറ്റും തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു. സാധാരണ ജനങ്ങളോട് ഇണങ്ങിപ്പോകാനാവാത്ത പ്രകൃതംമൂലം നിർമലയെ പ്രചാരണരംഗത്തുനിന്ന് മാറ്റിനിർത്തിയതാണെന്നും റിപ്പോർട്ടുണ്ട്. തമിഴ്നാടിന് മതിയായ ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് നിർമല സീതാരാമൻ ഈയിടെ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രചാരണ പൊതുയോഗങ്ങളിൽ സ്റ്റാലിൻ ഉൾപ്പെടെ ഡി.എം.കെ സഖ്യം നേതാക്കൾ രൂക്ഷവിമർശനം ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.